പൊതുപ്രവർത്തനത്തിന് വിറ്റത് 12 ഏക്കർ!

Saturday 07 June 2025 1:42 AM IST
തെന്നല ബാലകൃഷ്ണ പിള്ള

കൊല്ലം: ധരിച്ച ഖദറിന്റെ വിശുദ്ധി ജീവിതത്തിലുടനീളം പുലർത്തിയതിലൂടെയാണ് തെന്നല ബാലകൃഷ്ണ പിള്ള പൊതു സ്വീകാര്യനായത്. ഗാന്ധിയനായ ആ സൗമ്യ മുഖത്തോട് എതിരാളികൾ പോലും പിണങ്ങിയിരുന്നില്ല. സമ്പന്നതയുടെ നെറുകയിലുള്ള തെന്നല കുടുംബത്തിൽ നിന്ന് പൊതുപ്രവർത്തന രംഗത്തേക്കിറങ്ങിയത് സാധാരണ അംഗത്വമെടുത്തുകൊണ്ടാണ്.

കോൺഗ്രസിന്റെ കുന്നത്തൂർ ശൂരനാട് പുളികുളം വാർഡ് കമ്മിറ്റി അംഗമായി, പിന്നെ പ്രസിഡന്റായി. പക്വതയുള്ള ഇടപെടലും തീരുമാനങ്ങൾ നടപ്പാക്കാനുള്ള ആർജ്ജവവും തെന്നല ബാലകൃഷ്ണ പിള്ളയെ നേതൃനിരയിലേക്ക് ഉയർത്തുകയായിരുന്നു. കോൺഗ്രസ് ശൂരനാട് മണ്ഡലം പ്രസിഡന്റ്, കുന്നത്തൂർ ബ്ളോക്ക് പ്രസിഡന്റ്, കൊല്ലം ഡി.സി.സി പ്രസിഡന്റ് പദവികൾക്ക് ശേഷം കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തെത്തുമ്പോഴേക്കും ആദർശ രാഷ്ട്രീയത്തിന്റെ മുഖമെന്ന് പൊതുവേ വിശേഷിപ്പിക്കപ്പെട്ടിരുന്നു. ജന്മി കുടുംബത്തിലെ അംഗമായിരുന്നതിനാൽ പൊതു പ്രവർത്തനത്തിന് സംഭാവനകൾ പിരിച്ചെടുക്കാൻ തെന്നലയ്ക്ക് വശമില്ലാതെ വന്നു. പാർട്ടി പ്രവർത്തനങ്ങൾക്കായി തന്റെ സ്വന്തം പോക്കറ്റിൽ നിന്ന് തുകയെടുത്ത് ചെലവഴിച്ചു. 1967ൽ അടൂരിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കാനിറങ്ങിയപ്പോൾ പാർട്ടി നൽകിയത് ആറായിരം രൂപയാണ്. സംഭാവനകൾ സമാഹരിക്കണമെന്ന പാർട്ടിനയം അനുസരിച്ച് ശ്രമിച്ചപ്പോൾ കിട്ടിയത് 300 രൂപ മാത്രം. പിന്നെ കടംവാങ്ങി തിരഞ്ഞെടുപ്പിനെ നേരിട്ടു. തിരഞ്ഞെടുപ്പിന്റെ ഫലം അനുകൂലമായിരുന്നില്ല, കടബാദ്ധ്യതകൾ ഏറെയും. അന്ന് 33,000 രൂപയ്ക്ക് ഓഹരിയായി കിട്ടിയ ഭൂമിയിൽ കുറച്ചുഭാഗം വിറ്റു കടം തീർത്തു. പിന്നെ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചപ്പോഴും പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായപ്പോഴും ഭൂമി വിൽക്കൽ തുടർന്നു. പന്ത്രണ്ടേക്കർ ഭൂമിയിൽ 11 സെന്റൊഴികെ മറ്റെല്ലാം വിറ്റ് പൊതുപ്രവർത്തനം നടത്തിയ വേറിട്ട വ്യക്തിത്വമാണ് തെന്നല ബാലകൃഷ്ണപിള്ളയെന്ന് കുടുംബാംഗങ്ങളും ഓർക്കുന്നു. കുടുംബത്തിൽ നിന്ന് ഒരാൾപോലും പരാതിയും പരിഭവവും കാട്ടിയിട്ടില്ലെന്ന് ജീവിതത്തിന്റെ അവസാന നാളുകളിലും തെന്നല വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയത്തിൽ തെന്നലയ്ക്കും പരാതികളൊന്നുമുണ്ടായിരുന്നില്ല. 'സംഘടനാ പ്രവർത്തനങ്ങൾക്കിടയിൽ സ്വന്തം താത്പര്യം എന്ന ചിന്ത വരാതിരുന്നാൽ നല്ല ഫലം ലഭിക്കും.' തെന്നല എപ്പോഴും പറയാറുള്ളത് ആ ജീവിതം കാട്ടിത്തരികയും ചെയ്തു.