രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രം മാറ്റേണ്ടെന്ന് ഗവർണർ

Saturday 07 June 2025 2:42 AM IST

തിരുവനന്തപുരം: രാജ്ഭവനിലെ ചടങ്ങുകളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രവും അതിലെ പുഷ്പാർച്ചനയും തുടരാൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിർദ്ദേശിച്ചു. എല്ലാ പരിപാടികളിലും രാജ്ഭവൻ ആഡിറ്റോറിയത്തിന്റെ വലതു വശത്ത് ഭാരതാംബയുടെ ചിത്രമുണ്ടാവും. ഭാരതാംബയുടെ ചിത്രം വച്ചതിനാൽ കൃഷി വകുപ്പിന്റെ പരിപാടി റദ്ദാക്കിയതും, മറ്റൊരു പരിപാടിയിൽ കൃഷി, വിദ്യാഭ്യാസ മന്ത്രിമാർ വിട്ടുനിന്നതും കേന്ദ്രസർക്കാരിനെ അറിയിക്കും.

സർക്കാരിന്റെ നിർബന്ധത്തിന് വഴങ്ങേണ്ടെന്നാണ് ഗവർണറുടെ തീരുമാനം. അതേസമയം, ഭരണഘടനാവിരുദ്ധവും രാഷ്ട്രീയപക്ഷപാതപരവുമായ നടപടികളിലൂടെ രാജ്ഭവന്റെ അന്തസിടിച്ച ഗവർണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് പി.സന്തോഷ്‌കുമാർ എം.പി രാഷ്ട്രപതി ദ്രൗപതി മുർമ്മുവിന് കത്തു നൽകി. ഭാരത മാതാവിന്റെ പ്രതീകം ദേശീയ പതാകയാണെന്ന് പ്രഖ്യാപിച്ച്, എല്ലാ ബ്രാഞ്ച് കമ്മിറ്റികളിലും സി.പി.ഐ ഇന്ന് വൃക്ഷത്തൈ നടും. ദേശീയ പതാക ഉയർത്താനും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിർദ്ദേശിച്ചു.

മൗനം തുടർന്ന്

മുഖ്യമന്ത്രി

വിഷയത്തിൽ മുഖ്യമന്ത്രി മൗനം തുടരുകയാണ്. അതേസമയം, കേരളത്തെ വെല്ലുവിളിച്ചുള്ള തീരുമാനം ഗവർണർ തിരുത്തണമെന്നും ജനാധിപത്യവിരുദ്ധമായ നടപടിയിൽ നിന്ന് പിന്മാറണമെന്നും മന്ത്രി വി.ശിവൻകുട്ടി ആവശ്യപ്പെട്ടു. ഭാരതമാതാവിന്റെ പ്രതീകം ദേശീയപതാകയാണെന്നും, കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതല്ലെന്നും മന്ത്രി പി.പ്രസാദ് പറഞ്ഞു. രാജ്ഭവനെ ആർ.എസ്.എസ് പ്രചാരണത്തിന് ഉപയോഗിക്കുകയാണെന്ന് രാഷ്ട്രപതിയെ അറിയിക്കുമെന്ന് ആർ.ജെ.ഡിയും വ്യക്തമാക്കി.

രാജ്ഭവനിൽ ആർ.എസ്.എസ് സൈദ്ധാന്തികൻ ഗുരുമൂർത്തി 'ഓപ്പറേഷൻ സിന്ദൂർ' പ്രഭാഷണം നടത്തിയതിനെ മുഖ്യമന്ത്രി വിമർശിച്ചിരുന്നെങ്കിലും രേഖാമൂലം എതിർപ്പറിയിക്കണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ചിരുന്നില്ല. മുഖ്യമന്ത്രിക്ക് ഗവർണറോട് മൃദുസമീപനമാണെന്നാണ് ആരോപണം. സർക്കാർ പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വച്ചതിൽ മുഖ്യമന്ത്രി ഗവർണറെ എതിർപ്പറിയിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.