കുണ്ടറ താലൂക്ക് ആശുപത്രി... 76.13 കോടിയുടെ സമുച്ചയത്തിന് വൈദ്യുതി കണക്ഷന് 9.75 ലക്ഷമില്ല

Saturday 07 June 2025 1:44 AM IST

കൊല്ലം: 76.13 കോടി ചെലവിൽ നിർമ്മിച്ച കുണ്ടറ താലൂക്ക് ആശുപത്രിയുടെ ബഹുനില സമുച്ചയത്തിൽ വൈദ്യുതി കണക്ഷനുള്ള ഡ‌െപ്പോസിറ്റ് അടയ്ക്കാൻ 9.75 ലക്ഷം ഇല്ലാത്തതിനാൽ ഉദ്ഘാടനം വൈകുന്നു. ബ്ലോക്ക് പഞ്ചായത്തും കൈയൊഴിഞ്ഞതോടെ കിഫ്ബി കനിഞ്ഞാലെ ഡിപ്പോസിറ്റ് കെട്ടിവച്ച് വൈദ്യുതി കണക്ഷനെടുത്ത് പുതിയ സമുച്ചയം ഉദ്ഘാടനം ചെയ്യാനാകൂ.

അത്യാധുനിക സംവിധാനങ്ങൾ സഹിതമുള്ള പുതിയ കെട്ടിടത്തിന്റെ നിർമ്മാണം രണ്ട് മാസം മുമ്പേ പൂർത്തിയായിട്ടും ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും പഴയ കെട്ടിടത്തിലെ വർഷങ്ങൾ പഴക്കമുള്ള ചികിത്സാ ഉപകരണങ്ങളുമായി മല്ലിടുകയാണ്. നിലവിലെ കെട്ടിടത്തിൽ മെച്ചപ്പെട്ട സൗകര്യങ്ങളില്ലാത്തതിനാൽ ആശുപത്രി മാനേജ്മെന്റ് സൊസൈറ്റിക്കും കാര്യമായ വരുമാനമില്ല. അതുകൊണ്ട് തന്നെ സർക്കാരിൽ നിന്ന് സഹായമില്ലാത്ത സൗകര്യങ്ങൾ പലതും മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്. ആർദ്രം പദ്ധതിയുടെ ഭാഗമായി കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പുതിയ സമുച്ചയം നിർമ്മിച്ചത്.

പുതിയ സമുച്ചയത്തിൽ

 150 കിടക്കകൾ  രണ്ട് ഓപ്പറേഷൻ തീയേറ്റർ  നാല് ഐ.സി.യു  ജനറൽ പേവാർഡ്  സ്‌കാനിംഗ്

 ലബോറട്ടറി  എക്‌സ്‌റേ  പോസ്റ്റ്‌മോർട്ടം  മോർച്ചറി

എക്സ് റേ നിലച്ചിട്ട് നാല് മാസം

 ഫിലിം വാങ്ങാനുള്ള പണമില്ലാത്തതിനാൽ കഴിഞ്ഞ നാല് മാസമായി കുണ്ടറ താലൂക്ക് ആശുപത്രിയിലെ എക്സ്റേ യൂണിറ്റ് പ്രവർത്തിക്കുന്നില്ല

 വർഷങ്ങൾ പഴക്കമുള്ള യന്ത്രത്തിൽ ഉപയോഗിക്കുന്ന ഫിലിം നിലവിൽ ഒരു കമ്പിനിയേ വിതരണം ചെയ്യുന്നുള്ളു

 2022ൽ വിതരണം ചെയ്ത ഫിലിമിന്റെ ഇരുപതിനായിരം രൂപ നൽകിയാലെ വീണ്ടും ഫിലിം നൽകുവെന്നാണ് കമ്പിനിയുടെ നിലപാട്

 മൂന്ന് വർഷം മുമ്പുള്ള ഇടപാട് ഇപ്പോൾ തീർപ്പാക്കാൻ കഴിയില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം

 തർക്കം തീർപ്പാകാത്തതിനാൽ ഇവിടെയെത്തുന്ന രോഗികൾ സ്വകാര്യ സെന്റുകളിൽ പോയാണ് എക്സ്റേയെടുക്കുന്നത്

കാലപ്പഴക്കമുള്ളതിനാൽ എക്സറേ യന്ത്രത്തിൽ കൈയുടെയും കാലിന്റെയും എക്സ്റേയെ തെളിയൂ. നെഞ്ചിന്റെയും നടുവിന്റെയും എക്സ്റേ എടുക്കാനാകില്ല.

ആശുപത്രി ജീവനക്കാർ

താലൂക്ക് ആശുപത്രിയിൽ യന്ത്രമുണ്ടായിട്ടും ഫിലിം ഇല്ലാത്തതിന്റെ പേരിൽ പാവങ്ങൾ സ്വകാര്യ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. ഈ അവസ്ഥ തുടങ്ങി നാല് മാസമായിട്ടും പരിഹരിക്കപ്പെടാത്തത് ഗുരുതരമായ അലംഭാവമാണ്.

എ.വിനോഷ്, പൊതുപ്രവർത്തകൻ