കോഴിക്കോട്ട് പേപ്പർ അവശിഷ്‌ടം സൂക്ഷിച്ചിരുന്ന കടയിൽ തീപിടിത്തം; ഷെഡ് പൂർണമായും കത്തിനശിച്ചു
Saturday 07 June 2025 9:04 AM IST
കോഴിക്കോട്: കൊളങ്ങരപ്പീടികയിൽ പേപ്പർ അവശിഷ്‌ടം സൂക്ഷിച്ച കടയ്ക്ക് തീപിടിച്ചു. എക്കോ ഇക്കോ പേപ്പേഴ്സ് ആന്റ് സ്ക്രാപ്പ് എന്ന സ്ഥാപനത്തിന്റെ ഷെഡിലാണ് തീ പടർന്നത്. ഷെഡ് പൂർണമായും കത്തി നശിച്ചു. കെട്ടിടത്തിനും കേടുപാടുകളുണ്ടായി.
ഇന്ന് പുലർച്ചെ 1.20 നാണ് അപകടമുണ്ടായത്. മീഞ്ചന്ത ഫയർ സ്റ്റേഷനിൽ നിന്ന് മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സ് സംഘമെത്തി നാല് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പുലർച്ചെയോടെ തീയണച്ചു. തീപിടിത്തത്തില്‍ ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് വിലയിരുത്തൽ. ഷെഡിനോട് ചേർന്ന് ഉണ്ടായിരുന്ന ചെറിയ വീട്ടിൽ ബീഹാർ സ്വദേശികളായ കുടുംബം താമസിച്ചിരുന്നു. ഇവർ പെരുന്നാൾ അവധിക്ക് നാട്ടിൽ പോയതിനാൽ വൻ ദുരന്തം ഒഴിവായി.