യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഈ രേഖയില്ലാതെ ഇനി ട്രെയിൻ യാത്ര നടക്കില്ല, ലംഘിച്ചാൽ കർശന നടപടി

Saturday 07 June 2025 10:10 AM IST

തിരുവനന്തപുരം: ട്രെയിൻ യാത്രയിൽ ആധാർ കാർഡ് പരിശോധന കർശനമാക്കാൻ നിർദേശം. ടിക്കറ്റ് പരിശോധന നടത്തുന്നവരോട് എം - ആധാർ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ റെയിൽവേ ഉത്തരവിട്ടു. തൽക്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് നിർബന്ധിത ഇ - ആധാർ വെരിഫിക്കേഷൻ ഏർപ്പെടുത്താൻ തീരുമാനിച്ചതിന് പിന്നാലെയാണിത്. കാറ്ററിംഗ് ജീവനക്കാരുടെയും ശുചീകരണ വിഭാഗം ജീവനക്കാരുടെയും ആധാറും പരിശോധിക്കും. വ്യാജ ആധാർ കാർഡുകൾ ഉപയോഗിച്ച് ആൾമാറാട്ടവും ദുരുപയോഗവും തടയുകയാണ് ലക്ഷ്യം.

പരിശോധനയിൽ ആധാർ കാർഡ് വ്യാജമാണെന്ന് കണ്ടെത്തിയാൽ ഉടൻ റെയിൽവേ സംരക്ഷണ സേനയെയോ പൊലീസിനെയോ വിവരം അറിയിക്കണം. നിലവിൽ ടിക്കറ്റ് പരിശോധകർക്ക് പ്ലേ സ്റ്റോറിൽ നിന്ന് എം - ആധാർ ഡൗൺലോഡ് ചെയ്യാനാണ് നിർദേശം. ടിക്കറ്റ് പരിശോധകരുടെ ടാബിൽ ആപ്പ് ലഭ്യമാക്കും. ഇന്ത്യയുടെ യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി വികസിപ്പിച്ച ആപ്ലിക്കേഷനാണ് എം - ആധാർ. ക്യുആർ കോഡ് ഉൾപ്പെടെ പരിശോധിക്കാം. സ്‌കാൻ ചെയ്യുമ്പോൾ ആധാർ നമ്പർ, പേര്, വിലാസം ഉൾപ്പെടെ പ്രധാന തിരിച്ചറിയൽ വിവരങ്ങൾ ആപ്പിലുണ്ടാകും. ഓഫ്‌ലൈൻ മോഡിലും ആപ്പ് പ്രവർത്തിക്കുന്നതാണ്.