ഒരു വയസുള്ള കുഞ്ഞിന് അധിക ഡോസ് മരുന്ന് നൽകി, ബോധം നഷ്‌ടപ്പെട്ടു; അന്വേഷണം ആരംഭിച്ച് ആരോഗ്യ വകുപ്പ്

Saturday 07 June 2025 11:57 AM IST

അഗളി: കോട്ടത്തറ ട്രൈബൽ താലൂക്ക് സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ഒരു വയസുള്ള കുഞ്ഞിന് അധിക ഡോസ് മരുന്ന് നൽകിയ സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കാവ്യ കരുണാകരനാണ് ഗൂളിക്കടവ് അരുൺ - സ്‌നേഹ ദമ്പതിമാരുടെ വീട്ടിലെത്തി വിവരങ്ങൾ തേടിയത്. മാതാപിതാക്കളുടെ വിശദമായ മൊഴിയും രേഖപ്പെടുത്തി.

ജില്ലാ മെഡിക്കൽ ഓഫീസർക്ക് അരുണിന്റെ അച്ഛൻ അനിൽ നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. കുഞ്ഞിന് അധിക ഡോസ് നൽകിയ ദിവസം ജോലിയിലുണ്ടായിരുന്ന ശിശുരോഗ വിദഗ്ദ്ധന്റെയും നഴ്‌സിന്റെയും ഫാർമസിസ്റ്റിന്റെയും മൊഴി രേഖപ്പെടുത്തി.

അപസ്‌മാരവും പനിയും വന്നതോടെ തിങ്കളാഴ്‌ചയാണ് കുഞ്ഞുമായി മാതാപിതാക്കൾ കോട്ടത്തറ ആശുപത്രിയിലെത്തിയത്. അപസ്‌മാരത്തിനുള്ള ഗുളിക അഞ്ച് മില്ലിഗ്രാമാണ് ഡോക്‌ടർ കുഞ്ഞിന് കൊടുക്കാൻ നിർദേശിച്ചിരുന്നത്. രണ്ട് ദിവസം മരുന്ന് ഫാർമസിയിൽ നിന്ന് വാങ്ങി നൽകാൻ നഴ്‌സ് കുറിച്ച് നൽകി. പക്ഷേ, പത്ത് മില്ലിഗ്രാം ഗുളികയാണ് ഫാർമസിയിൽ നിന്ന് നൽകിയത്. ഇതിൽ നിന്ന് ഒരു ഗുളിക കൊടുക്കാൻ നഴ്‌സ് സ്‌നേഹയോട് ആവശ്യപ്പെട്ടു.

ഗുളിക കൊടുത്തതോടെ കുഞ്ഞിന്റെ ബോധം നഷ്‌ടപ്പെട്ട‌ു. പിന്നീട് ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന ബന്ധുക്കളോട് വിവരം തിരക്കിയപ്പോഴാണ് ബോധം നഷ്ടപ്പെട്ടത് അധിക ഡോസ് മരുന്ന് നല്‍കിയതുകൊണ്ടാണെന്ന് അറിഞ്ഞത്. കുഞ്ഞിന്റെ വിടുതല്‍ സര്‍ട്ടിഫിക്കറ്റിന് പകരം 72 വയസുള്ളയാളുടെ റിപ്പോര്‍ട്ട് നല്‍കിയെന്നും പരാതിയിൽ പറഞ്ഞിട്ടുണ്ട്.