ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം കോകോ ഗൗഫിന്; ജയം ആദ്യ സെറ്റ് കൈവിട്ട ശേഷം

Saturday 07 June 2025 10:19 PM IST

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം അമേരിക്കയുടെ കോകോ ഗൗഫിന്. കലാശപ്പോരില്‍ ഒന്നാം സീഡ് ബെലാറസിന്റെ അര്യാന സബലെന്‍കയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ഗൗഫ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: (6-7, 6-2, 6-4). ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷമാണ് ഗൗഫിന്റെ ഗംഭീര തിരിച്ചുവരവിന് സാക്ഷ്യം വഹിച്ചത്. വാശിയേറിയ പോരാട്ടം 6-6 എന്ന നിലയില്‍ തുല്യത പാലിച്ചതോടെ ആദ്യ സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു. എന്നാല്‍ സബലെന്‍ക ഈ സെറ്റ് നേടിയെടുക്കുകയായിരുന്നു.

രണ്ടാം സെറ്റില്‍ മനോഹരമായി തിരിച്ചടിച്ച ഗൗഫ് 6-2ന് ഗെയിം സ്വന്തമാക്കി. ഇതോടെ വിജയികളെ നിര്‍ണയിക്കാന്‍ മത്സരം മൂന്നാം സെറ്റിലേക്ക് നീണ്ടു. 6-4ന് ഈ സെറ്റും മത്സരവും കോകോ ഗൗഫ് സ്വന്തമാക്കുകയായിരുന്നു. 21കാരിയായ താരത്തിന്റെ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണ് ഇത്.