തൃശൂരില്‍ ജനവാസ മേഖലയില്‍ പുലി കൂട്ടം; ആശങ്കയില്‍ പ്രദേശവാസികള്‍

Saturday 07 June 2025 11:30 PM IST

തൃശ്ശൂര്‍: അതിരപ്പിള്ളിയില്‍ ജനവാസ മേഖലയില്‍ പുലികള്‍ ഇറങ്ങിയതോടെ നാട്ടുകാര്‍ക്ക് ആശങ്ക. ഓയില്‍ പാം എസ്റ്റേറ്റിലെ ചെക്ക് പോസ്റ്റിന് സമീപമാണ് വീണ്ടും പുലികളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. രണ്ടു പുലികളുടെ സാന്നിദ്ധ്യമാണ് സംശയിക്കുന്നത്. ഇതോടെ പ്രദേശവാസികള്‍ പരിഭ്രാന്തിയില്‍ ആയിരിക്കുകയാണ്.

വെള്ളിയാഴ്ച ഈ മേഖലയില്‍ത്തന്നെ പുലി ഇറങ്ങി ഒരു പശുക്കിടാവിനെ ആക്രമിച്ചുകൊന്നിരുന്നു. ജനസാന്നിദ്ധ്യമുണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം. ആളുകള്‍ ഒച്ചവെച്ചതോടെ പുലി പ്രദേശത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ശനിയാഴ്ച രണ്ട് പുലികളെ പ്രദേശത്ത് കണ്ടതോടെ ജനങ്ങളുടെ ഭയം വര്‍ദ്ധിച്ചിരിക്കുകയാണ്.

വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ എത്തുന്ന പ്രദേശത്താണ് പുലികളെ കണ്ടതെന്നതാണ് മറ്റൊരു വെല്ലുവിളി. മാത്രമല്ല, ഓയില്‍ പാം എസ്റ്റേറ്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജീവനും ഭീഷണിയുണ്ടെന്ന് ജനങ്ങള്‍ പറയുന്നു. തൊഴിലാളി ലയങ്ങള്‍ എസ്റ്റേറ്റിനുള്ളിലാണ്. അതുകൊണ്ട് തന്നെ വീടിന് പുറത്തിറങ്ങാന്‍ പോലും ഭയക്കുകയാണ് ഭൂരിഭാഗം തൊഴിലാളികളും.