ഇടുക്കിയിൽ ഏലത്തോട്ടത്തിലെ കുഴിയിൽ കടുവയും നായയും, മയക്കുവെടി വച്ചു
ഇടുക്കി: കുഴിയിൽ വീണ കടുവയെ മയക്കുവെടി വച്ചു. ഇടുക്കി മൈലാടുംപാറയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലെ കുഴിയിലാണ് കടുവ വീണത്. കേരള- തമിഴ്‌നാട് അതിർത്തിയിലാണ് തോട്ടം. ഒരു നായയും കുഴിയിൽ വീണിട്ടുണ്ട്. വനംവകുപ്പ് സംഘം സ്ഥലത്തെത്തിയതിനുശേഷമാണ് മയക്കുവെടി വയ്ക്കാനുള്ള നടപടികൾ ആരംഭിച്ചത്. മയക്കുവെടിയേറ്റ കടുവയെ ഉടൻ കൂട്ടിൽ കയറ്റും. പെരിയാർ കടുവാ സങ്കേതത്തിലെ വെറ്ററിനറി ഡോക്ടർ അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വച്ചത്.
ഇന്നുച്ചയ്ക്ക് 12 അരയോടെയാണ് കടുവയ്ക്ക് ആദ്യ ഡോസ് മയക്കുമരുന്ന് നൽകിയത്. കടുവ മയങ്ങിയതിനുശേഷം സ്ഥിതിഗതികൾ വിലയിരുത്തിയിട്ടായിരിക്കും കുഴിയിൽ നിന്ന് പുറത്തെത്തിച്ച് കൂട്ടിൽ കയറ്റുക. തുടർന്ന് കടുവയെ പെരിയാർ കടുവാ സങ്കേതത്തിലേക്കാണ് മാറ്റുന്നത്. പ്രായം കുറഞ്ഞ കടുവയാണ്. നായയും കുഴിയിൽ തന്നെയുണ്ട്. പ്രദേശത്ത് സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കടുവ മയങ്ങിയില്ലെങ്കിൽ രണ്ടാം ഡോസ് മയക്കുവെടി വയ്ക്കുമെന്നാണ് അധികൃതർ പറയുന്നത്.