പ്രായം മറന്ന് മെഡൽവേട്ട നടത്തി കളിക്കളത്തിലെ പെൺപുലികൾ
കളമശേരി: കളിക്കളത്തോട് വിടപറഞ്ഞ് ജോലിയുടെയും വീട്ടുത്തരവാദിത്വങ്ങളുടെയും തിരക്കുകളിൽ മുഴുകിയിരുന്ന വനിതാ താരങ്ങൾ വീണ്ടും ഒരുമിച്ചപ്പോൾ കൈനിറയെ മെഡലുകളുമായി കളിക്കളത്തിലെ പെൺപുലികളായി മാറി. തായ്‌വാനിലെ ന്യൂ തായ്‌പേയ് സിറ്റിയിൽ നടന്ന ലോക മാസ്റ്റേഴ്‌സ് ഗെയിംസിൽ ബാസ്‌കറ്റ്‌ബാൾ മത്സരത്തിൽ സ്വർണവും വെള്ളിയും വെങ്കലവും നേടിയെത്തിയ ഇന്ത്യൻ ടീമിൽ മലയാളി താരങ്ങളായിരുന്നു കൂടുതലും. 45ഉം 50ഉം വയസ് കഴിഞ്ഞവരാണ് നേട്ടം കൊയ്തത്.
ഫാക്ട് സ്‌കൂളിൽനിന്ന് ലോകവേദിയിലേക്ക് ദീപ രാജേഷ് (ബിസിനസ്), ദീപാ ജോർജ് (കെ.എസ്.ഇ.ബി), പി.ആർ. മായ (റയിൽവേ), വന്ദന സേവിയർ (പി.എഫ് ഓഫീസ് എറണാകുളം) എന്നിവർ ഫാക്ട് ഹൈസ്‌കൂളിൽ ഒന്നിച്ച് പഠിച്ച് ഫാക്ട് സ്‌കൂൾ ബാസ്‌കറ്റ്‌ബാൾ കോർട്ടിൽ കളിച്ച് വളർന്നവരാണ്. ലോക മാസ്റ്റേഴ്‌സിൽ പങ്കെടുക്കുന്നതിനു മുമ്പുള്ള പരിശീലനവും ഇവർ ഇവിടെത്തന്നെയായിരുന്നു നടത്തിയത്. ഫാക്ടുമായി നേരിട്ട് ബന്ധമില്ലെങ്കിലും അദ്ധ്യാപികയായ നദീറയും പാലക്കാടുകാരി മേരി ഡാനീഷും ഇവരുടെ കൂട്ടാളികളായിരുന്നു.
ഇന്ത്യയുടെ മുൻ ബാസ്‌കറ്റ്‌ബാൾ ക്യാപ്ടനും റെയിൽവേ താരവുമായിരുന്ന ജീന ജോസ്, റെയിൽവേ താരവും കോച്ചുമായിരുന്ന റെന്നിസ് റൗഫ്, സെൻട്രൽ റെയിൽവേയിലെ ജിജി ജോൺ, ജിയോ ബ്ലസൻ, എയിംസിൽ നഴ്‌സായ ലൂസി ജോസഫ്, ഇൻഷ്വറൻസ് കൺസൾട്ടന്റായ പ്രിയ സുരേഷ്, ബിസിനസ് നടത്തുന്ന ഷെല്ലി ബിജു, ഉത്തരേന്ത്യക്കാരായ സുനിത സുരേ, മീനാ സിംഗ് എന്നിവരും ഇന്ത്യൻ ടീമിനായി പോരാട്ടത്തിനിറങ്ങി.
മെഡൽ നേട്ടം ഒരു ടീമിൽ മൂന്നുപേർ കളിക്കുന്ന മത്സരത്തിൽ വന്ദന സേവിയറിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ടീം 50+ കാറ്റഗറിയിൽ സ്വർണം നേടി. ഇന്ത്യൻ ടീമിൽ 3*3 കാറ്റഗറിയിലും 5*5 കാറ്റഗറിയിലും ഒരേ താരങ്ങൾ തന്നെയാണ് കളിക്കാനിറങ്ങിയത്. വാശിയോടെ കളിച്ച അവർ വെങ്കലവും നേടി.
ബാസ്‌കറ്റ്‌ബാളിലെ വിവിധ മത്സരങ്ങളിൽ ഒരു സ്വർണം, രണ്ട് വെള്ളി, രണ്ട് വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യൻ ടീമിന്റെ മെഡൽ നേട്ടം.