'മലയാളികൾ ഒരിക്കലും ഒറ്റയ്ക്ക് ഇക്കാര്യങ്ങൾ ചെയ്യാറില്ല'; ചർച്ചയായി വിദേശ വനിതയുടെ വീഡിയോ

Sunday 08 June 2025 4:32 PM IST

കേരളത്തിലെ ജനങ്ങളെക്കുറിച്ച് അടുത്തിടെ ഒരു വിദേശ വനിത പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. ക്ലാര എന്ന ജർമ്മൻ യുവതിയുടെ വീഡിയോയാണ് ഇത്. നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോയെന്നാണ് ആദ്യം യുവതി ചോദിക്കുന്നത്. 'കേരളത്തിലെ ആളുകൾ ഒന്നും ഒറ്റയ്ക്ക് ചെയ്യാറില്ല. അവർ എവിടെ പോയാലും എപ്പോഴും ഒരാളെയെങ്കിലും കൂടെ കൊണ്ടുപോകും' എന്നാണ് ക്ലാര അവകാശപ്പെടുന്നത്. 'കേരള ക്ലാര' എന്ന ഇൻസ്റ്റഗ്രാം പേജിലാണ് യുവതി വീഡിയോ പങ്കുവച്ചിരിക്കുന്നത്.

'ഇവിടെ ജർമ്മനിയിൽ ഞാൻ ഒറ്റയ്ക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യുന്നു. പക്ഷേ കേരളത്തിൽ പോയപ്പോൾ, ഒറ്റയ്ക്ക് കാര്യങ്ങൾ ചെയ്യുന്ന ആളുകളെ ഞാൻ വളരെ അപൂർവമായി മാത്രമേ കണ്ടിട്ടുള്ളൂ. അതുകൊണ്ട് ഞാൻ ഒറ്റയ്ക്കുള്ള ദിവസങ്ങളിൽ അവിടെ പുറത്തുപോകാനോ കാര്യങ്ങൾ ചെയ്യാനോ എനിക്ക് അസ്വസ്ഥത തോന്നിയിരുന്നു' എന്ന അടിക്കുറിപ്പും യുവതി വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. ഇതിനോടകം തന്നെ ഒരു മില്യൺ വ്യൂസാണ് വീഡിയോ നേടിയത്. നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്. കൂടുതലും മലയാളികളാണ് വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്. ക്ലാരയുടെ ഇൻസ്റ്റഗ്രാം പേജിൽ കേരളത്തിൽ നിന്നുള്ള നിരവധി വീഡിയോയും ഉണ്ട്.

'അല്ലെങ്കിൽ ആ പ്രശ്നത്തിൽ ഒറ്റപെട്ട് പോവും', 'ചങ്ക് ഇല്ലാണ്ട് എന്ത് പരിപാടി.?', 'ഇല്ലെങ്കിൽ ബോർ അടിക്കും അതാണ്', 'അങ്ങനെയൊന്നുമല്ല, ഞാൻ ഒരു മലയാളിയാണ് ഞാൻ ഒറ്റയ്ക്ക് സിനിമ കാണാനും ഫുഡ് കഴിക്കാനും എല്ലാം പോകാറുണ്ട്' - ഇങ്ങനെ പോകുന്നു കമന്റുകൾ. വീഡിയോ.