ഹിൽ ഇന്ത്യ യൂണിറ്റ് പൂട്ടിയിട്ടും തുടർന്ന് കേസ്
കളമശ്ശേരി: കേരളത്തിലെ ആദ്യ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിൽ ഇന്ത്യ ലിമിറ്റഡ് ഉദ്യോഗമണ്ഡൽ യൂണിറ്റ് അടച്ചുപൂട്ടിയെങ്കിലും കേസ് തുടരും. ഉദ്യോഗമണ്ഡൽ യൂണിറ്റ് മേധാവിയടക്കമുള്ള ജീവനക്കാരുടെ ആനുകൂല്യങ്ങ ളോടെ വി.ആർ.എസ് നൽകിയെങ്കിലും മൂന്നു പ്രധാന യൂണിയനുകൾ ഹൈക്കോടതിയിൽ കേസ് നൽകിയിരിക്കുകയാണ്. ഡി.പി.ഇ ഗൈഡ് ലൈൻ പ്രകാരമല്ല, മാനേജുമെന്റ് ഏകപക്ഷീയമായാണ് തീരുമാനമെടുത്തതെന്ന് യൂണിയനുകളുടെ വാദം.
വിഷയത്തിൽ യൂണിയനുകളെ കേൾക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഓരോ യൂണിയന്റെയും രണ്ടു പ്രതിനിധികളെ ഉൾപ്പെടുത്തി പാനൽ തയ്യാറാക്കി ചർച്ച ചെയ്യാനാണ് നിർദ്ദേശം.
കമ്പനി അടച്ചുപൂട്ടി ഒരു വർഷം കഴിഞ്ഞെങ്കിലും മാനേജുമെന്റിന്റെ പ്രത്യേക നിർദ്ദേശപ്രകാരം എച്ച് ആർ, ഫിനാൻസ്, ഇലക്ട്രിക്കൽ തുടങ്ങിയ വിഭാഗങ്ങളിൽ നിന്ന് ചുമതലപ്പെടുത്തിയ അഞ്ച് ഉദ്യോഗസ്ഥർ പ്രവൃത്തി ദിവസങ്ങളിൽ കമ്പനിയിൽ എത്തുന്നുണ്ട്. കൂടാതെ സ്വകാര്യ ഏജൻസിയുടെ എട്ടോളം സെക്യൂരിറ്റി ജീവനക്കാർ രണ്ടു ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്നുണ്ട്. പ്ലാന്റുകൾ പൊളിച്ചു നീക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടക്കുകയാണ്.
കമ്പനിയിൽ നിന്ന് വിരമിച്ച നാലു തൊഴിലാളികൾ സ്വകാര്യ കമ്പനി സെക്യൂരിറ്റിക്കാരായി ഇവിടെയുണ്ട്.
പ്രതിസന്ധി വിനയായി
പ്രതിസന്ധിയുടെ ഫലമായി ഏലൂർ യൂണിറ്റും പഞ്ചാബിലെ ഭട്ടിൻഡ യൂണിറ്റുമാണ് പൂട്ടിയത്. മുംബയ് യൂണിറ്റ് നഷ്ടത്തിലാണെങ്കിലും പ്രവർത്തിക്കുന്നുണ്ട്. 40 ഓളം ജീവനക്കാരെ മുംബയ് യൂണിറ്റിലേക്ക് മാറ്റിയതിനാൽ അവർക്ക് വി.ആർ.എസ് കിട്ടിയില്ല. ശമ്പളം ഇടയ്ക്കിടെ മുടങ്ങുന്നുണ്ട്.
48.23 ഏക്കർ സ്ഥലം
ഏലൂരിൽ 34.27 ഏക്കറും പാതാളത്ത് കമ്പനി ഉടമസ്ഥതയിലുള്ളതും സംസ്ഥാന സർക്കാർ വാടകയ്ക്ക് നൽകിയതും ഉൾപ്പെടെ 13.96 ഏക്കർ ഉണ്ട്. ഏകദേശം 90 ഓളം ക്വാർട്ടേഴ്സുകൾ ആൾ താമസമില്ലാതെ കാടു കയറി നശിക്കുന്നു. സംസ്ഥാനത്തെ തന്നെ ആദ്യ വുഡൻ ഷട്ടിൽ കോർട്ട്, ക്ലബ്ബ് , ഗസ്റ്റ് ഹൗസ് എന്നിവയും എച്ച്.ഐ.എൽ കോളനിയിലുണ്ട്.
കമ്പനിവക സ്ഥലം ഏലൂർ നഗരസഭയുടെ വികസന ആവശ്യങ്ങൾക്കായി സംസ്ഥാന സർക്കാരിനോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്.
എ.ഡി. സുജിൽ
ചെയർമാൻ.