ഭാരത മാതാവിനെ തർക്ക വിഷയമാക്കുന്നത് ദൗർഭാഗ്യകരം, വിശദീകരണവുമായി ഗവർണർ

Sunday 08 June 2025 6:51 PM IST

തിരുവനന്തപുരം : പരിസ്ഥിതി ദിനാഘോഷത്തിലെ ഭാരത് മാതാ വിവാദത്തിൽ വിശദീകരണവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഭാരത് മാതാ സങ്കല്പം വിവാദമാക്കരുതെന്ന് ആർലേക്കർ പറ‌ഞ്ഞു. ഒരമ്മയുടെ മക്കളായ സഹോദരി സഹോദരൻമാരെന്ന് പ്രതിജ്ഞ ചൊല്ലി വളരുന്നവരാണ് ഭാരതീയർ. വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രമോ രാഷ്ട്രീയമോ എതുമാകട്ടെ ,​ അതിനെല്ലാം മുകളിൽ ആ സങ്കല്പത്തെ കാണാനാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരത് മാതായെ തർക്കവിഷയമാക്കുന്നത് ദൗർഭാഗ്യകരമാണെന്നും ഗവർണർ വ്യക്തമാക്കി. നെടുമങ്ങാട് അമൃത കൈരളി വിദ്യാഭവനിൽ മൻകി ബാത്ത് അധിഷ്ഠിത ക്വിസ് മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് പുരസ്കാരം വിതരണം ചെയ്യുകയായിരുന്നു ഗവർണർ.

അതേസമയം ഭാരത് മാതയ്ക്ക് ജയ് വിളിക്കാൻ മടിച്ചു നിന്നവരെ കൊണ്ട് ഭാരത് മാതാ കി ജയ് എന്ന് വിളിപ്പിച്ചതിന് ഗവർണർക്ക് നന്ദി ‍അർപ്പിക്കുന്നുവെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്ന മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. ആദ്യം രാജ്യം എന്നതാണ് പ്രധാനമന്ത്രി മുന്നോട്ടു വയ്ക്കുന്ന ആഹ്വാനം. അതു തന്നെയാണ് ഗവർണർ സ്ഥാപിക്കാൻ ശ്രമിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി,​ രാജ്ഭവനിൽ പരിസ്ഥിതി ദിനാഘോഷ പരിപാടിയുടെ വേദിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടർന്ന് മന്ത്രി പി.പ്രസാദ് ചടങ്ങിൽ നിന്ന് വിട്ടുനിന്നിരുന്നു. ഇതിനെ തുടർന്നാണ് വിവാദം ഉടലെടുത്തത്.