പന്നിക്കെണി: ഗൂഢാലോചന മന്ത്രി തെളിയിക്കണമെന്ന് സണ്ണി ജോസഫ്
കണ്ണൂർ: ഷോക്കേറ്റ് വിദ്യാർത്ഥി മരിക്കാനിടയാക്കിയ സംഭവത്തിൽ ഗൂഢാലോചന ആരോപിച്ച വനം മന്ത്രിയുടെ പ്രസ്താവനയെ പുച്ഛിച്ചുതള്ളുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ. ഗൂഢാലോചന ആരോപിക്കുന്ന മന്ത്രിയെ അത് തെളിയിക്കാൻ വെല്ലുവിളിക്കുന്നു. ആരോപണം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ മന്ത്രി രാജിവയ്ക്കണം. അല്ലെങ്കിൽ മുഖ്യമന്ത്രി അദ്ദേഹത്തെ തിരുത്തണം.
ഒരു കുട്ടിയുടെ ദാരുണമായ മരണത്തിൽ വേദനിക്കുകയാണ് കേരളത്തിലെ ജനങ്ങൾ. അതിന് ഉത്തരവാദികൾ നിയമത്തിന് മുന്നിൽ വരണമെന്ന് അവർ ആഗ്രഹിക്കുന്നെന്നും സണ്ണി ജോസഫ് പറഞ്ഞു.
ഏത് അന്വേഷണത്തേയും കോൺഗ്രസ് സ്വാഗതം ചെയ്യുന്നു. ഒരു കുഞ്ഞു മരിക്കാനിടയാക്കിയ സംഭവത്തെ രാഷ്ട്രീയവത്കരിച്ചത് വനം മന്ത്രിയാണ്. വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നതിനാലല്ലേ വൈദ്യുത കെണികൾ സ്ഥാപിക്കുന്നത്. ഇപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തി സി.പി.എമ്മിന്റെ സജീവ പ്രവർത്തകനാണെന്നാണ് തനിക്ക് മനസിലാക്കാൻ കഴിഞ്ഞത്. മയക്കുവെടിയേറ്റത് ആനയ്‌ക്കോ, കടുവയ്‌ക്കോ അല്ല കേരളത്തിലെ വനം മന്ത്രിക്കാണെന്നാണ് പൊതുവിമർശനമെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.