രാഷ്ട്രീയ ഗൂഢാലോചന: മന്ത്രി ശശീന്ദ്രൻ
കോഴിക്കോട്: നിലമ്പൂരിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് പത്താംക്ലാസുകാരൻ അനന്തു മരിച്ച സംഭവത്തിൽ രാഷട്രീയ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ ആരോപിച്ചു. നിലമ്പൂരുകാർ അറിയുന്നതിന് മുമ്പേ മലപ്പുറത്ത് പ്രകടനം നടന്നത് എങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു. ഇതെല്ലാം അന്വേഷിക്കണം. ആരോപണമുണ്ടാക്കി തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ശ്രമം. വനംവകുപ്പ് കേസെടുത്തിട്ടുണ്ട്. മൃഗങ്ങളെ വേട്ടയാടുന്നവരാണ് പിന്നിൽ.
പഞ്ചായത്തിന് ഇതിൽ ഉത്തരവാദിത്വമില്ലേ? കുരുക്ക് വച്ചത് യു.ഡി.എഫുകാരല്ലേ? അതിനെ അപലപിച്ചോ? ആദ്യ മിനിട്ടിൽ സർക്കാർ സ്പോൺസേർഡ് സമരമെന്ന് എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞതെന്നും അദ്ദേഹം ചോദിച്ചു. കെ.പി.സി.സി പ്രസിഡന്റും അതുതന്നെ പറയുന്നു. അതു തെറ്റിയെന്ന് പറഞ്ഞാൽ താൻ ബാക്കി പറയാം. യു.ഡി.എഫ് വാർഡ് മെമ്പറാണ് കേസിലെ പ്രതി. അനധികൃതമായി കെണിവച്ച കാര്യം വെെദ്യുതി വകുപ്പിനും അറിയില്ല. അറസ്റ്റിലായത് വനംവകുപ്പുമായോ കെ.എസ്.ഇ.ബിയുമായോ ബന്ധമുള്ള ആളല്ലെന്നും അദ്ദേഹം പറഞ്ഞു.