സൗദിയിൽ വിസകൾക്ക് ഇനി ഏകീകൃത നിരക്ക് , എല്ലാവിസകൾക്കും ഇനി മുതൽ ഫീസ് 300 റിയാൽ
Thursday 12 September 2019 11:46 PM IST
ജിദ്ദ: സൗദിയിൽ എല്ലാതരം വിസകൾക്കും ഏകീകൃത ഫീസ് ഏർപ്പെടുത്താൻ തീരുമാനം. എല്ലാതരം വിസകൾക്കും 300 റിയാൽ ഫീസ് ഏർപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഒരു വർഷം കാലാവധിയുള്ള മൾട്ടിപ്പിൾ റീ എൻട്രി വിസയടക്കം ഹജ്ജ്, ഉംറ, ടൂറിസ്റ്റ്, ബിസിനസ്, വിസിറ്റ്, ട്രാൻസിറ്റ്, മൾപ്പിൾ എൻട്രി വിസകൾക്കെല്ലാം ഇനി ഏകീകൃത ഫീസ് ആയിരിക്കും.
കഴിഞ്ഞ ദിവസമാണ് വിസ ഫീസ് ഏകീകരിക്കാൻ തീരുമാനമായത്. ഇതിന്റെ ഭാഗമാണ് ഉംറ സ്റ്റാമ്പിംഗ് ഫീസ് 50ൽ നിന്ന് 300 റിയാൽ ആക്കിയത്.
സിംഗിൾ എൻട്രി വിസയുടെ കാലാവധി ഒരു മാസമാണ്. ഒരു വർഷം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി വിസയിൽ മൂന്ന് മാസം വരെ തങ്ങാം. ട്രാൻസിറ്റ് വിസ കാലാവധി 96 മണിക്കൂറാണ്. അതേസമയം ആവർത്തിച്ചുള്ള ഉംറയ്ക്ക് ഏർപ്പെടുത്തിയിരുന്ന 2000 റിയാൽ അധിക ഫീസ് എടുത്തു കളഞ്ഞു.