ട്രോളിംഗ്‌ നിരോധനം: ഒരുക്കങ്ങൾ പൂർത്തിയായി

Sunday 08 June 2025 9:23 PM IST

കൊച്ചി: ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വരുന്ന 52 ദിവസ മത്സ്യബന്ധന ട്രോളിംഗ് നിരോധനത്തിന് ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി. കഴിഞ്ഞദിവസങ്ങളിൽ മുനമ്പം, വൈപ്പിൻ തുറമുഖങ്ങളിൽ നിന്ന് പോയ മത്സ്യബന്ധനബോട്ടുകൾ കൊച്ചി തീരത്തേക്ക് മടങ്ങിയെത്തി തുടങ്ങി. ഇന്ന് വൈകിട്ടോടെ എല്ലാ ബോട്ടുകളും തീരത്തെത്തും.

ജൂലായ് 31 വരെ നീളുന്ന നിരോധനകാലയളവിൽ വൈപ്പിൻ, തോപ്പുംപടി, കാളമുക്ക്, മുനമ്പം, മുരുക്കുംപാടം, മാല്യങ്കര ഭാഗങ്ങളിലായി ബോട്ടുകൾ കെട്ടിയിടും. ഈക്കാലയളവിൽ ബോട്ടുകളുടെ അറ്റകുറ്റപ്പണിയും നവീകരണജോലികളും നടക്കും.

തമിഴ്നാട് ഉൾപ്പെടെ അന്യസംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുള്ള യാനങ്ങൾ കേരള തീരം വിട്ടു പോകണമെന്ന് മത്സ്യബന്ധനവകുപ്പ് മുന്നറിയിപ്പ് നൽകി.

പരമ്പരാഗത വള്ളങ്ങളുടെ ഗണത്തിൽപ്പെട്ട ചെറുവള്ളങ്ങൾക്കും ഇൻബോർഡ് വള്ളങ്ങൾക്കും മോട്ടറൈസ്ഡ് വള്ളങ്ങൾക്കും മത്സ്യബന്ധനത്തിന് വിലക്കില്ലെങ്കിലും ഇൻബോർഡ് യാനത്തോടൊപ്പം ഒരു ക്യാരിയർ വള്ളമേ പാടുള്ളൂവെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.

പരമ്പരാഗത യാനങ്ങൾ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, പെർമിറ്റ്, ലൈസൻസ് എന്നിവ കരുതണം.

24 മണിക്കൂർ കൺട്രോൾ റൂം

വൈപ്പിനിലും മുനമ്പത്തും കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും

വൈപ്പിന്‍ കേന്ദ്രീകരിച്ച് മറൈൻ ആംബുലൻസ് ലഭ്യമാണ്. മറൈൻ എൻഫോഴ്‌സ്‌മെന്റ് പൊലീസ് കടൽ പട്രോളിംഗിന് പുറമെ, തുറമുഖങ്ങളും പ്രധാനപ്പെട്ട ഫിഷ് ലാൻഡിംഗ് സെന്ററുകളും അഴിമുഖവും പരിശോധിക്കും. പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് ഇന്ധനം നൽകുന്നതിന് മത്സ്യഫെഡിന്റെ ഡീസൽ ബങ്കുകൾ മുനമ്പത്തും വൈപ്പിനിലും പ്രവർത്തിക്കും.

കൺട്രോൾ റൂം (വൈപ്പിൻ): 0484 2502768, 9496007048

(മുനമ്പം) : 8304010855

കോസ്റ്റ് ഗാർഡ് : 1554 (ടോൾഫ്രീ)