ഉദ്യോഗസ്ഥന് പങ്കില്ലെന്ന് അനീഷ് ബാബു പറഞ്ഞതായി ഇ.ഡി

Monday 09 June 2025 12:00 AM IST

ന്യൂഡൽഹി: കൈക്കൂലി കേസിൽ ഇ.ഡി ജോയിന്റ് ഡയറക്‌ടർ ശേഖർ കുമാറിന്റെ പങ്കിനെക്കുറിച്ച് അറിവില്ലെന്ന് പരാതിക്കാരൻ അനീഷ് ബാബു മൊഴി നൽകിയെന്ന് എൻഫോഴ്‌‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. അനീഷ് സംസ്ഥാന വിജിലൻസിന്റെ നിയന്ത്രണത്തിലാണെന്നും ഇ.ഡി പറയുന്നു. ശേഖർ കുമാറിന് അനുകൂലിച്ച് മൊഴി നൽകാൻ ഇ.ഡി സമ്മർദ്ദം ചെലുത്തിയെന്ന് കഴിഞ്ഞ ദിവസം അനീഷ് ബാബു വെളിപ്പെടുത്തിയതിന് പിന്നാലെയാണ് വിശദീകരണം.

ജൂൺ 6 ന് അനീഷ് ബാബു ഡൽഹിയിലെത്തി സ്വമേധയാ നൽകിയ മൊഴിയിലാണ് ഇ.ഡി ഉദ്യോഗസ്ഥന്റെ പങ്കിനെക്കുറിച്ച് അറിവില്ലെന്ന് പറഞ്ഞത്. ആരോപണങ്ങളുമായി ബന്ധപ്പെട്ട് തന്റെ പക്കൽ തെളിവില്ലെന്നും ഇടനിലക്കാരൻ വിൽസണെക്കുറിച്ച് മാത്രമെ അറിയൂ എന്നും മൊഴി നൽകിയതായി ഇ.ഡി വിശദീകരിക്കുന്നു. നൂറിലധികം വാട്ട്സ് ആപ്പ് കോളുകൾ വിൽസണുമായി നടത്തിയെന്ന് പറഞ്ഞെങ്കിലും തെളിവ് നൽകിയില്ല. ബൊഹ്‌റാ അസോസിയേറ്റ്‌സിന് നൽകിയെന്ന് പറഞ്ഞ 50,000 രൂപ അനീഷ് ബാബുവിന് തിരികെ ലഭിച്ചു. ഇ.ഡി ഉദ്യോഗസ്ഥരെ വിജിലൻസ് അറസ്റ്റു ചെയ്‌തിട്ടില്ല. അനീഷ് ബാബുവും മാതാപിതാക്കളായ അനിത ബാബുവും ബാബു ജോർജും 24 കോടി രൂപയുടെ കള്ളപ്പണക്കേസ് പ്രതികളാണ്. ഇഡി അന്വേഷണങ്ങളുമായി അദ്ദേഹം ഒരിക്കലും സഹകരിച്ചിട്ടില്ല. അന്വേഷണവുമായി സഹകരിക്കാതെ ദൃശ്യ, അച്ചടി മാദ്ധ്യമങ്ങൾ വഴി അനീഷ് ബാബു തങ്ങളുടെ ഉദ്യോഗസ്ഥരുടെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുന്നതായും ഇഡി ആരോപിക്കുന്നു.