പൊതുവിദ്യാലയങ്ങൾ പൂട്ടിയെന്ന പ്രചാരണം വ്യാജം :മന്ത്രി ശിവൻകുട്ടി

Monday 09 June 2025 12:00 AM IST

തിരുവനന്തപുരം: എൽ.ഡി.ഫ് സർക്കാർ പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടിയെന്ന പ്രചാരണം വ്യാജമാണെന്ന് മന്ത്രി വി.ശിവൻകുട്ടി. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ യു.‌ഡി.എഫിന്റെ പുതിയ നമ്പരാണിത്. യു.ഡി.എഫ് സർക്കാർ തകർത്ത പൊതുവിദ്യാഭ്യാസ രംഗത്തെ കൈപ്പിടിച്ചുയർത്തിയത് എൽ.ഡി.എഫ് സർക്കാരാണ്. 5,000ത്തിലധികം കോടിയാണ് അടിസ്ഥാനസൗകര്യ വികസനത്തിനായി ചെലവഴിച്ചത്. നിലമ്പൂരിലും അതിന്റെ തെളിവുകളുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവും വിദ്യാകിരണം മിഷനും ഉണ്ടാക്കിയ ആത്മവിശ്വാസം പൊതുവിദ്യാഭ്യാസ മേഖലയിൽ വലുതാണ്. 11 ലക്ഷത്തോളം കുട്ടികൾ അധികമായി പൊതുവിദ്യാലയങ്ങളിലെത്തി. ഇത്തരം കാര്യങ്ങൾ മറച്ചുപിടിക്കാനുള്ളതാണ് സ്‌കൂൾപൂട്ടൽ വാദമെന്ന് മന്ത്രി വ്യക്തമാക്കി. കുട്ടികൾ തീരെയില്ലാത്തിനാൽ ചില സ്‌കൂളുകൾ സ്വയം ഇല്ലാതാകുന്ന സ്ഥിതിയുണ്ട്. ഈ അവസ്ഥ 1959 മുതലുള്ളതാണ്. കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ സ്‌കൂളുകൾ തുടങ്ങുന്നതിനും കുട്ടികളില്ലെങ്കിൽ അടയ്ക്കുന്നതിനും വകുപ്പുകളുണ്ട്. ഇവ പാലിക്കാത്ത സംഭവങ്ങളുണ്ടോയെന്ന് അന്വേഷിക്കും. ഉണ്ടെങ്കിൽ നടപടിയുണ്ടാകും. കണ്ണൂർ തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ ഇന്ത്യൻ പബ്ലിക് സ്‌കൂൾ പെരുങ്ങാടി എന്ന അൺ എയ്ഡഡ് സ്ഥാപനം പൂട്ടിയതിന്റെ ഉത്തരവാദിത്തവും എൽ.ഡി.എഫ് സർക്കാരിൽ കെട്ടിവയ്ക്കാനാണ് ശ്രമം. 2014ൽ പൂട്ടിയ വാണീവിലാസം എയ്ഡഡ് യു.പി സ്‌കൂളും എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണെന്ന വാർത്ത ഇതിന് തെളിവാണെന്നും മന്ത്രി പറഞ്ഞു.