ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം ‌

Monday 09 June 2025 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം ആരംഭിക്കും. നിരോധന സമയത്ത് യന്ത്രവത്കൃത ബോട്ടുകൾ കടലിൽ പോകാൻ പാടില്ല. ട്രോളിംഗ് നിരോധന കാലയളവിൽ ഇൻബോർഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയർ വള്ളം മാത്രമേ അനുവദിക്കൂ. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്. ഹാർബറുകളിലെയും ലാൻഡിംഗ് സെന്ററുകളിലേയും ഡീസൽ ബങ്കുകളും ഇന്ന് അടയ്ക്കും. ഇൻബോർഡ് വള്ളങ്ങൾക്കുള്ള ഡീസലിനായി അതത് ജില്ലകളിലെ മത്സ്യ ഫെഡിന്റെ ഡീസൽ ബങ്കുകൾ നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കും. നിയന്ത്രണങ്ങൾക്ക് വേണ്ടി ഫിഷറീസ് വകുഷ് മറൈൻ എൻഫോഴ്സ്‌മെന്റ്, കോസ്റ്റൽ പൊലീസ്, ഇന്ത്യൻ നേവി,ഇന്ത്യൻ കോസ്റ്റ് ഗാർഡ് എന്നിവരെയും സജ്ജമാക്കിയിട്ടുണ്ട്. ജൂലായ് 31ന് അർദ്ധരാത്രി മുതൽ കാലാവസ്ഥ അനുകൂലമാണെങ്കിൽ മത്സ്യബന്ധനത്തിന് പുറപ്പെടാം.