കൃഷ്ണകുമാറിന്റെ സ്ഥാപനത്തിലെ തിരിമറി: വിവാദം മുറുകി, വീഡിയോ പുറത്ത്
തിരുവനന്തപുരം: നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിന്റെ കവടിയാറിലെ ഒ ബൈ ഓസി എന്ന ആഭരണക്കടയിലെ സ്ഥാപനത്തിൽ നടന്ന പണം തിരിമറിയുമായി ബന്ധപ്പെട്ട കേസിൽ ആരോപണ പ്രത്യാരോപണങ്ങൾ മുറുകി. ജീവനക്കാർ നൽകിയ കേസിൽ കൃഷ്ണ കുമാറിന്റെ കുടുംബത്തിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയിരിക്കേ, ജീവനക്കാർ വീഴ്ച സമ്മതിക്കുന്നു എന്ന് സ്ഥാപിക്കുന്ന വീഡിയോ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു പുറത്തുവിട്ടു. കൃഷ്ണകുമാറിന്റെ ഫ്ളാറ്റിൽവച്ച് ജീവനക്കാരോട് കാര്യങ്ങൾ ചോദിക്കുന്നതും അവരുടെ വെളിപ്പെടുത്തലുമാണ് വീഡിയോയിലുള്ളത്.
അതേസമയം, ജീവനക്കാരികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തട്ടിക്കൊണ്ടുപോകൽ, വധഭീഷണി, മർദ്ദനം, ജാതീയ അധിക്ഷേപം, സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികച്ചുവയോടെ സംസാരിച്ചു എന്നീ കുറ്റങ്ങൾക്ക് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് വെള്ളിയാഴ്ചയാണ് കേസെടുത്തത്. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു, മകൾ ദിയ കൃഷ്ണ, കൃഷ്ണകുമാറിന്റെ സുഹൃത്ത് സന്തോഷ് എന്നിവരെയാണ് പ്രതി ചേർത്തിരിക്കുന്നത്.
ജീവനക്കാരായ വിനിത, ദിവ്യ,രാധാകുമാരി, വിനീതയുടെ ഭർത്താവ് ആദർശ് എന്നിവർ 69 ലക്ഷം തട്ടിച്ചെന്ന് കൃഷ്ണകുമാർ മ്യൂസിയം പൊലീസിൽ പരാതി നൽകിയതോടെയാണ് കേസിന്റെ തുടക്കം.
സ്ഥാപനത്തിൽ സാധനം വാങ്ങാനെത്തുന്നവർ പണം അയക്കാനായി ക്യൂആർ കോഡ് ചോദിക്കുമ്പോൾ സ്വന്തം ഫോണിലെ കോഡാണ് കാണിച്ചു കൊടുക്കാറുള്ളതെന്നും വിഡിയോയിൽ അവർ പറയുന്നു.
രണ്ടു പക്ഷത്തിന്റെ കേസുകൾ രജിസ്റ്റർ ചെയ്തെങ്കിലും ആരെയും ചോദ്യം ചെയ്തിട്ടില്ല.