നാടിന്റെ നോവായി അനന്തു
Monday 09 June 2025 1:26 AM IST
മലപ്പുറം: നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച 10-ാം ക്ലാസ് വിദ്യാർത്ഥി അനന്തുവിനെ (15) അവസാനമായി ഒരു നോക്കുകാണാൻ വീട്ടിലും ശ്മശാനത്തിലുമടക്കം നിരവധിപേരെത്തി. മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം മണിമൂളി ക്രൈസ്റ്റ് കിംഗ് എച്ച്.എസ്.എസിൽ പൊതുദർശനത്തിന് വച്ച അനന്തുവിന്റെ മൃതദേഹം, ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് വഴിക്കടവ് വെള്ളക്കെട്ടയിലെ വീട്ടിലെത്തിച്ചത്. തുടർന്ന് കുട്ടിക്കുന്ന് ശ്മശാനത്തിലായിരുന്നു സംസ്‌കാരം.
പിതാവ് ആമാടം സുരേഷ്, മകന്റെ കുഴിമാടത്തിലേക്ക് ഒരു പിടി മണ്ണ് ഇട്ടപ്പോൾ അവിടെയുണ്ടായിരുന്നവർ സങ്കടം താങ്ങാനാകാതെ പൊട്ടിക്കരഞ്ഞു.
സർക്കാർ പ്രതിനിധികൾ, നിലമ്പൂരിലെ സ്ഥാനാർത്ഥികൾ ഉൾപ്പെടെ അന്ത്യോപചാരമർപ്പിക്കാൻ വെള്ളക്കെട്ടയിലെ വീട്ടിലെത്തിയിരുന്നു.