കേരളത്തില്‍ നാളെ ടാക്‌സി ബുക്കിംഗ് നടക്കില്ല; ഏറ്റവും അധികം ബാധിക്കുക കൊച്ചിക്കാരെ

Sunday 08 June 2025 11:30 PM IST

കൊച്ചി: സംസ്ഥാനത്ത് തിങ്കളാഴ്ച ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ പണിമുടക്കും. യുബര്‍ അടക്കമുള്ള വന്‍കിട കമ്പനികളുടെ തൊഴില്‍ ചൂഷണത്തിനെതിരെയാണ് ഡ്രൈവര്‍മാര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സംയുക്ത സംഘടനയായ ഓണ്‍ലൈന്‍ ടാക്‌സി കമ്യൂണിറ്റിയുടെ നേതൃത്വത്തിലാണ് സമരം നടക്കുക.

രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വിവിധ യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്ക് നടത്തുന്നത്. സി.ഐ.ടി.യു, എ.ഐ.ടി.യു.സി തുടങ്ങിയ യൂണിയനുകള്‍ സമരത്തിന് പിന്തുണ നല്‍കും.

സമരം ഏറ്റവും കൂടുതല്‍ ബാധിക്കുക കൊച്ചി നഗരത്തെയായിരിക്കും. നാളെ രാവിലെ പത്ത് മണിയോടുകൂടി ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ എറണാകുളം കളക്ടറേറ്റിലേക്ക് മാര്‍ച്ച് നയിക്കും. കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ ഡ്രൈവര്‍മാരും സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് രംഗത്ത് വന്നിട്ടുണ്ട്.