അഞ്ചേക്കർ സ്ഥലത്ത് 1000 മുളത്തൈകൾ നട്ടു 

Monday 09 June 2025 12:02 AM IST
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഇരുതുള്ളിപ്പുഴയോരത്ത് മുള വനം ഒരുക്കലിന്റെ ഉദ്ഘാടനം പ്രസിഡന്റ് അലക്‌സ് തോമസ് ചെമ്പകശ്ശേരി തൈ നട്ട് നിർവഹിക്കുന്നു

കോഴിക്കോട്: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കരിമ്പാലക്കുന്ന് ഇരുതുള്ളിപ്പുഴയോരത്ത് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുളവനമൊരുങ്ങുന്നു. പഞ്ചായത്തിന്റെ കാർബൺ ന്യൂട്രൽ പ്രോഗ്രാമിന്റെ ഭാഗമായി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വനമൊരുക്കുന്നത്. പുഴയോരത്ത് തരിശായി കിടക്കുന്ന പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള അഞ്ചേക്കർ ഭൂമിയിൽ 1000 തൈകളാണ് നട്ടുപിടിപ്പിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. ഇരുത്തുള്ളി പുഴ സംരക്ഷണ സമിതി പ്രസിഡന്റ് ബാബു കുടുക്കിൽ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല അസീസ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സൂസൻ വർഗീസ്, ഷാജി മുട്ടത്ത്, ബിന്ദു ഷാജി, റീന സാബു, തമ്പി പറകണ്ടത്തിൽ തുടങ്ങിയവർ പങ്കെടുത്തു.