ചക്കര കൊക്കോ...
ഫ്രഞ്ച് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസ് കിരീടം കോക്കോ ഗൗഫിന്
ഫൈനലിൽ തോൽപ്പിച്ചത് ലോക ഒന്നാം നമ്പർ താരം സബലേങ്കയെ
പാരീസ് : റൊളാംഗ് ഗാരോസിലെ കളിമൺ കോർട്ടിന്റെ പുതിയ റാണിയായി അമേരിക്കൻ താരം കോക്കോ ഗൗഫ് . കഴിഞ്ഞ രാത്രി നടന്ന വനിതാഫൈനലിൽ ലോക ഒന്നാം നമ്പർ താരമായ ബെലറൂസിന്റെ അര്യാന സബലേങ്കയെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് കീഴടക്കിയാണ് കോക്കോ ചാമ്പ്യനായത്. സ്കോർ : 6-7(5-7),6-2,6-4. കോക്കോയുടെ ആദ്യ ഫ്രഞ്ച് ഓപ്പണും രണ്ടാം ഗ്രാൻസ്ളാം കിരീടവുമാണിത്. ആദ്യമായി ഫ്രഞ്ച് ഓപ്പൺ നേടാനുള്ള അവസരമാണ് ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ സബലേങ്കയ്ക്ക് നഷ്ടമായത്. ഇത് രണ്ടാം വട്ടമാണ് സബലേങ്ക ഗ്രാൻസ്ളാം ഫൈനലിൽ കോക്കോയോട് തോൽക്കുന്നത്.
ആദ്യ സെറ്റ് ട്രൈബേക്കറിൽ നഷ്ടമായ കോക്കോയുടെ കിടിലൻ തിരിച്ചുവരവിനാണ് ഫിലിപ്പ് ഷാട്രിയർ കോർട്ട് സാക്ഷ്യം വഹിച്ചത്. രണ്ട് മണിക്കൂർ 38 മിനിട്ടാണ് പോരാട്ടം നീണ്ടത്. ആദ്യ സെറ്റിൽ കടുത്ത പോരാട്ടമാണ് കണ്ടത് . വിട്ടുകൊടുക്കാതെ ഇരുവരും പോരാടിയപ്പോൾ ടൈബ്രേക്കറിൽ സെബലങ്ക സെറ്റ് സ്വന്തമാക്കി. എന്നാൽ പിന്നീടുള്ള രണ്ട് സെറ്റുകളിലും ആ ആവേശം നിലനിറുത്താൻ സബലേങ്കയ്ക്ക് കഴിഞ്ഞില്ല. രണ്ടാം സെറ്റ് 6-2 നും മൂന്നാം സെറ്റ് 6-4 നുമാണ് കോക്കോ സ്വന്തമാക്കിയത്.
മൂന്നുവട്ടം തുടർച്ചയായി ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനായ ഇഗ ഷ്വാംടെക്കിനെ ഇക്കുറി സെമിയിൽ തോൽപ്പിച്ചപ്പോൾ സബലേങ്കയ്ക്ക് കിരീടപ്രതീക്ഷയുണ്ടായിരുന്നു. ഫൈനലിന്റെ ആദ്യ സെറ്റ് കഴിയുമ്പോഴും സബലേങ്കയിലായിരുന്നു ആരാധക പ്രതീക്ഷ. എന്നാൽ തുടർന്നുള്ള സെറ്റുകളിൽ കോക്കോയുടെ അതിഗംഭീര തിരിച്ചുവരവ് മത്സരത്തിന്റെ ഗതി മാറ്റിയെഴുതി.
1
ഫ്രഞ്ച് ഓപ്പണിലെ കോക്കോയുടെ ആദ്യ കിരീടം.കോക്കോ ഇവിടെ കളിച്ച രണ്ടാം ഫൈനലായിരുന്നു ഇത്. 2022ൽ ഇഗ ഷ്വാംടെക്കിനെതിരായിരുന്നു ആദ്യ ഫൈനൽ.
2
കോക്കോയുടെ രണ്ടാം ഗ്രാൻസ്ളാം കിരീടമാണിത്. 2023ലെ യു.എസ് ഓപ്പണിലാണ് ആദ്യ കിരീടം. അന്നും ഫൈനലിൽ കീഴടക്കിയത് അര്യാന സബലേങ്കയെയാണ്.
22
വയസ് തികയും മുൻപേ രണ്ട് ഗ്രാൻസ്ളാം സിംഗിൾസ് കിരീടങ്ങൾ നേടുന്ന രണ്ടാമത്തെ വനിതാ താരമാണ് കൊക്കോ ഗൗഫ്. ഇതിഹാസ താരം സെറീന വില്യംസാണ് ഇക്കാര്യത്തിൽ മുന്നിലുള്ളത്.
ഈ കിരീടം എനിക്ക് വേണമെന്ന് ഞാൻ ശരിക്കും ആഗ്രഹിച്ചിരുന്നു. ചെറുപ്പത്തിൽ ഞാൻ കരുതിയിരുന്നത് ഫ്രഞ്ച് ഓപ്പൺ എനിക്ക് എളുപ്പത്തിൽ കിട്ടുമെന്നാണ്. പക്ഷേ ഇവിടെ കിരീടം നേടാൻ ഇത്രയും കാലം കാത്തിരിക്കേണ്ടിവന്നു. ഇവിടെ കിരീടം നേടാനായില്ലായിരുന്നെങ്കിൽ എന്റെ കരിയറിന് ഒരു അർത്ഥവുമില്ലാതെ പോകുമായിരുന്നു.
- കോക്കോ ഗൗഫ്.
ഈ തോൽവി ഉൾക്കൊള്ളാനും നിരാശ മറികടക്കാനും എനിക്ക് ഒരുപാട് സമയം വേണ്ടിവരും. കുറച്ചുനാൾ ഒരു യാത്രപോയി നീന്തലും ബിയറും ടെക്വിലയുമൊക്കെയായി ഇതെല്ലാം മറക്കാൻ നോക്കണം.
- അര്യാന സബലേങ്ക
കിരീടത്തിലേക്കുള്ള വഴി
ആദ്യ റൗണ്ടിൽ കോക്കോയ്ക്ക് മുന്നിൽ വഴിമാറിയത് ഓസ്ട്രേലിയക്കാരി ഒലീവിയ ഗഡേക്കി.
രണ്ടാം റൗണ്ടിൽ ചെക് റിപ്പബ്ളിക്കിന്റെ വലന്റോവയെ 6-2,6-4ന് തോൽപ്പിച്ചു.
മൂന്നാം റൗണ്ടിൽ 6-,7-6(7/3)ന് മറികടന്നത് ചെക് റിപ്പബ്ളിക്കിന്റെ തന്നെമേരീ ബൗസ്കോവെയെ
പ്രീ ക്വാർട്ടറിൽ 20-ാം സീഡ് അലക്സാൻഡ്രോവയെ 6-0,7-5 എന്ന സ്കോറിന് തോൽപ്പിച്ചു.
ക്വാർട്ടറിൽ ഏഴാം സീഡ് അമേരിക്കൻ താരം മാഡിസൺ കീസിനെ 7-6(6-8),6-4,6-1ന് തോൽപ്പിച്ചു.
അട്ടിമറികളിലൂടെയെത്തിയ ഫ്രഞ്ചുകാരി ലോയ്സ് ബോയ്സണെ സെമിയിൽ കീഴടക്കിയത് 6-1,6-2ന്.
ഫൈനലിൽ ലോക ഒന്നാം നമ്പർ അര്യാന സബലേങ്കയെ കീഴടക്കി കിരീടധാരണം.