കുടുംബങ്ങളുടെ മനം കവർന്ന് 7 സീറ്റർ എസ്.യു.വികൾ
കൊച്ചി: ഇന്ത്യയിലെ കാർ വിൽപ്പനയിൽ ഏഴ് സീറ്റുകളുള്ള വാഹനങ്ങൾക്ക് ഇന്ത്യൻ കുടുംബങ്ങളിൽ പ്രിയമേറുന്നു. വാരാന്ത്യങ്ങൾ ആഘോഷമാക്കുന്നതിനും മുത്തച്ഛനും മുത്തശിയും അടക്കമുള്ളവർ വിരുന്ന് വരുമ്പോൾ ഒരുമിച്ച് പോകുവാൻ കഴിയുന്നതും വിശാലവും സൗകര്യപ്രദവുമായി യാത്ര ചെയ്യാനാകുന്ന എസ്.യു.വികളാണ് വിൽപ്പനയിൽ മികവ് നേടുന്നത്. വലുപ്പവും അധിക സ്ഥല സൗകര്യവുമാണ് നിലവിൽ ഇന്ത്യയിലെ കാർ വിപണിയിൽ പ്രധാന ഘടകമാകുന്നതെന്ന് വ്യാപാരികൾ പറയുന്നു.
4.5 മീറ്റർ വലിപ്പവും ഏഴ് പേർക്ക് സഞ്ചരിക്കാവുന്നതുമായ വാഹനങ്ങളാണ് ഇന്ത്യയിലെ കാർ വിൽപ്പനയിൽ 78 ശതമാനവും നേടുന്നതെന്ന് കമ്പനികൾ പറയുന്നു. അതേസമയം അഞ്ച് സീറ്റുള്ള വാഹനങ്ങളുടെ വിൽപ്പന ഇക്കാലയളവിൽ കുറയുകയാണ്. അണുകുടുംബങ്ങൾ പോലും കാർ വാങ്ങുമ്പോൾ ഏഴ് സീറ്റുള്ള വലിയ വാഹനങ്ങളോടാണ് താത്പര്യം പ്രകടിപ്പിക്കുന്നത്.
കഴിഞ്ഞ വർഷത്തെ ഏഴ് സീറ്റർ വാഹന വിൽപ്പന
വാഹനം വിൽപ്പന
മാരുതി സുസുക്കി എർട്ടിഗ 1,90,093 യൂണിറ്റുകൾ
മഹീന്ദ്ര സ്കോർപ്പിയോ 1,59,918 യൂണിറ്റുകൾ
ടൊയോട്ട ഇന്നോവ 90,742 യൂണിറ്റുകൾ
എക്സ്.യു.വി 700 81,467 യൂണിറ്റുകൾ
കിയ കാരൻസ് 62,769 യൂണിറ്റുകൾ
ബൊലേറോ 55,459 യൂണിറ്റുകൾ