ചെന്നീർക്കര, ഓമല്ലൂർ കുടിവെള്ള പദ്ധതിക്ക് 13.34 കോടി

Monday 09 June 2025 12:06 AM IST

പത്തനംതിട്ട : ആറൻമുള നിയോജക മണ്ഡലത്തിലെ ചെന്നീർക്കര, ഓമല്ലൂർ ഗ്രാമ പഞ്ചായത്തുകളിലെ വാട്ടർ അതോറിട്ടിയുടെ വിവിധ പ്രവൃത്തികൾക്ക് മന്ത്രിസഭാ യോഗം അനുമതി നൽകിയതായി മന്ത്രി വീണാ ജോർജ് അറി​യി​ച്ചു. 13,33,62,974 രൂപയുടെ അനുമതിയാണ് നൽകിയത്. പഞ്ചായത്തുകളിലെ ജലജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ ഇൻടേക്കിൽ നിന്നും ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്കുള്ള പ്ലംബിഗ് മെയിൻ, പമ്പ് സെറ്റ്, ട്രാൻസ്‌ഫോമർ സ്ഥാപിക്കൽ എന്നി പ്രവൃത്തികളാണ് ഈ പദ്ധതിയിൽ ഉൾപ്പെടുന്നത്. പദ്ധതി സമയബന്ധിതമായി നടപ്പിലാക്കാൻ നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.

ചെന്നീർക്കര പഞ്ചായത്തിലെ തോമ്പിൽക്കാവ് ഇൻടേക്ക് പമ്പ് ഹൗസിൽ നിന്നും ഉമ്മിണിക്കാവ് നിർമിക്കുന്ന ജല ശുദ്ധീകരണ ശാലയിലേക്ക് 7 കി.മീ ദൂരത്തിൽ 450 എം.എം വ്യാസമുള്ള ഡി.ഐ പൈപ്പ് ലൈൻ സ്ഥാപിച്ചു. ഈ പദ്ധതിയിലൂടെ കുടിവെള്ള ക്ഷാമം രൂക്ഷമായ ചെന്നീർക്കരയിലെയും ഓമല്ലൂരിലെയും 9182 ഓളം വീടുകളിലേക്കുള്ള വാട്ടർ കണക്ഷനുകൾ പൂർത്തീകരിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.