പത്തനാപുരം ജനവാസ മേഖലയിൽ പകൽ കാട്ടാനക്കൂട്ടം, ആശങ്കയിൽ നാട്ടുകാർ

Monday 09 June 2025 12:07 AM IST

ചിതൽവേട്ടി വെട്ടിയ്യത്ത് ഇന്നലെ ഇറങ്ങിയ കാട്ടാനകൂട്ടം

പത്തനാപുരം: പിറവന്തൂർ പഞ്ചായത്തിലെ ചിതൽവെട്ടി ജനവാസ മേഖലയിൽ പകൽ സമയത്തുപോലും കാട്ടാനക്കൂട്ടം ഇറങ്ങുന്നത് പ്രദേശവാസികളെ കടുത്ത ആശങ്കയിലാക്കുന്നു. സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷന്റെ വെട്ടിയ്യം ഭാഗത്താണ് ഇന്നലെ കാട്ടാനകളും കുട്ടികളും ഉൾപ്പെട്ട കൂട്ടം വീണ്ടും ഇറങ്ങിയത്. ജനവാസ മേഖലയിലെ പ്ലാവുകളിൽ നിന്ന് ചക്ക പറിച്ചു കഴിക്കാനായാണ് ആനകൾ കൂട്ടത്തോടെ എത്തുന്നത്.

 ഉറങ്ങാനാകാതെ നാട്ടുകാർ

രാത്രികാലങ്ങളിൽ സ്ഥിരമായി കാട്ടാനകൾ ഇവിടെ തങ്ങുന്നത് കാരണം താമസക്കാർക്ക് ഉറങ്ങാൻ കഴിയുന്നില്ലെന്ന് പരാതിയുണ്ട്. ആനകളെ ആളുകൾ സംഘം ചേർന്ന് വിരട്ടി കാട്ടിലേക്ക് തിരികെ കയറ്റി വിടുകയാണ് പതിവ്.

 ഇടയ്ക്കിടെ പുലികളും

മൂന്ന് മാസം മുമ്പ് ഇവിടെ നാല് പുലികൾ ഇറങ്ങിയത് നാട്ടുകാർ കണ്ടിരുന്നു.സംഭവം ഏറെ വിവാദമായതോടെ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പൊലിസും സ്ഥലത്തെത്തി പാറക്കെട്ടുകൾക്ക് ഇടയിലും മറ്റും പരിശോധനകൾ നടത്തിയിരുന്നു. തുടർന്ന് സ്ഥാപിച്ച പുലികൂട്ടിൽ ഒരു പുലി അകപ്പെട്ടിരുന്നു.

 സംരക്ഷണമൊരുക്കാതെ അധികൃത‌ർ

ചിതൽവെട്ടിയിലെ വെട്ടിയ്യത്തിന് പുറമെ കറവൂർ, സന്യസിക്കോണം, ചാച്ചിപ്പുന്ന, ചണ്ണക്കാമൺ, മാമ്പഴത്തറ തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ പുലി, കാട്ടാന, കാട്ടുപോത്ത്, കരടി, കാട്ടുപന്നി, കുരങ്ങ് അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതോടെ ജനങ്ങളും ഫാമിംഗ് കോർപ്പറേഷനിലെ തൊഴിലാളികളും കടുത്ത ഭീതിയിലാണ്. രണ്ടുവർഷം മുമ്പ് ഫാമിംഗ് കോർപ്പറേഷനിൽ ഇറങ്ങിയ കാട്ടാന ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. പത്തനാപുരം ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിൽ വരുന്ന സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷന്റെ ഭൂമിയിലും സമീപ പ്രദേശങ്ങളിലെ ജനവാസ മേഖലകളിലും വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായിട്ടും അധികൃതർ താമസക്കാർക്ക് കാര്യമായ സംരക്ഷണം ഒരുക്കിയിട്ടില്ലെന്ന ആരോപണവും ശക്തമാണ്.