 ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി 'കൂടെയുണ്ട് കരുത്തേകാൻ' പദ്ധതിക്ക് തുടക്കം

Monday 09 June 2025 12:32 AM IST

കൊല്ലം: ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ മൂല്യാധിഷ്ഠിത വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന 'കൂടെയുണ്ട് കരുത്തേകാൻ' പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. ജില്ലയിലെ 120 ഹയർ സെക്കൻഡറി വിദ്യാലയങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.

പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി

പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൽ ശുചിത്വ ബോധവൽക്കരണ ക്ലാസുകളും അനുബന്ധ പ്രവർത്തനങ്ങളും നിയമ ബോധവൽക്കരണ ക്ലാസുകളും നടന്നിട്ടുണ്ട്. സ്കൂൾ പ്രവേശനോത്സവ ദിനത്തിൽത്തന്നെ പദ്ധതിക്ക് തുടക്കമിടാൻ നിർദ്ദേശമുണ്ടായിരുന്നെങ്കിലും, നാമമാത്രമായ പ്രവർത്തനങ്ങളേ ഇതുവരെ നടത്താൻ കഴിഞ്ഞിട്ടുള്ളൂ.

  • ഇന്ന് ഉച്ചയ്ക്ക് ശേഷം: സ്കൂൾ സ്റ്റാഫ്, പി.ടി.എ. എന്നിവർക്ക് പദ്ധതിയുടെ ആശയം വിശദീകരിച്ച് പ്രിൻസിപ്പൽമാരുടെ നേതൃത്വത്തിൽ യോഗം ചേരുന്നതോടെ നടത്തിപ്പ് രൂപമാകും.
  • 12, 13, 16, 17 തീയതികളിൽ: പദ്ധതിയുടെ ആശയങ്ങൾ വിദ്യാർത്ഥികളിലേക്ക് പൂർണ്ണമായും എത്തിക്കുന്നതിനുള്ള ക്ലാസുകൾ നടത്തും.
  • 18ന്: പ്ലസ് വൺ പ്രവേശനോത്സവത്തോടനുബന്ധിച്ച് പി.ടി.എ., സ്റ്റാഫ് യോഗം ചേർന്ന് പുതിയ രക്ഷിതാക്കളിലേക്ക് പദ്ധതി എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും.
  • 23 മുതൽ 30 വരെ: ഒന്നാം വർഷ വിദ്യാർത്ഥികളിലേക്ക് 'കൂടെയുണ്ട് കരുത്തേകാൻ' പദ്ധതി എത്തും.
  • 30ന്: പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയാക്കും. തുടർന്ന് രണ്ടാം ഘട്ടത്തിന്റെ സംസ്ഥാനതല അവലോകന യോഗം ചേരും.

ലഹരിക്ക് തടയിടാനും സമഗ്ര ശാക്തീകരണത്തിനും

വിദ്യാർത്ഥികളിലെ ലഹരി ഉപയോഗ പ്രവണതകൾക്ക് തടയിടുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. റാഗിംഗ്, അക്രമവാസന, നശീകരണ പ്രവർത്തനങ്ങൾ, വാഹന ദുരുപയോഗം തുടങ്ങിയവയിൽ നിന്ന് വിദ്യാർത്ഥികളെ മാറ്റിയെടുക്കാനുള്ള പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി നടത്തും. വ്യക്തിശുചിത്വം, നിയമ അവബോധം എന്നിവയിൽ കൃത്യമായ ധാരണ സൃഷ്ടിക്കുകയും കേരള പാഠ്യപദ്ധതി ലക്ഷ്യമിടുന്ന ജ്ഞാന സമൂഹ നിർമ്മിതിയിൽ പങ്കാളികളാകാൻ അനുയോജ്യരായ തലമുറയെ സൃഷ്ടിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

പദ്ധതിക്കായി പ്രവർത്തനാധിഷ്ഠിത മൊഡ്യൂളുകൾ നേരത്തേ തയ്യാറാക്കിയിട്ടുണ്ട്. സൗഹൃദ കോ-ഓർഡിനേറ്റർമാർക്കും എൻ.എസ്.എസ് വളണ്ടിയർമാർക്കും ഈ മൊഡ്യൂളുകളിൽ പരിശീലനം നൽകിയിട്ടുണ്ട്. വിവിധ സർക്കാർ ഏജൻസികളുടെ സഹകരണവും ഉറപ്പാക്കിയ ഈ പദ്ധതി, സമഗ്ര വിദ്യാർത്ഥി, രക്ഷാകർതൃ, അദ്ധ്യാപക ശാക്തീകരണമാണ് ലക്ഷ്യംവയ്ക്കുന്നത്

വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാലയങ്ങൾക്ക് അധിക സാമ്പത്തിക ചെലവുകൾ ഉണ്ടാകുന്നില്ല. നിയമ, ശുചിത്വം എന്നിവയിൽ ബോധവൽക്കരണം തുടങ്ങി. പഠന പ്രവർത്തനങ്ങളുടെ ഭാഗമായി പദ്ധതിയുമായി ബന്ധപ്പെട്ട ക്ലാസുകളും ക്രമീകരിച്ചിരിക്കുകയാണ്.

പോൾ ആന്റണി

ജില്ലാ കോ-ഓർഡിനേറ്റർ