സത്യം പുറത്തുവരും, ബാങ്ക് രേഖ നോക്കിയാൽ മതി: കൃഷ്ണകുമാർ
തിരുവനന്തപുരം: മകൾ ദിയയുടെ സ്ഥാപനത്തിൽ നടന്ന തിരിമറിയിൽ ജീവനക്കാരെ ഫ്ളാറ്റിലേക്ക് വിളിച്ച് ചോദ്യം ചെയ്തത് വിവരങ്ങൾ അറിയാനാണെന്ന് കൃഷ്ണകുമാർ. മൂന്നു വനിത ജീവനക്കാരുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചാൽ മാത്രം മതി സത്യം പുറത്തുവരും. പെൺകുട്ടികളെ തടഞ്ഞുവച്ചു എന്നു പറയുന്നതിന് ഒരു തെളിവുമില്ല. ആ പെൺകുട്ടികളുടെ ഫോൺ ഞങ്ങൾ പിടിച്ചു വാങ്ങിയിട്ടില്ല. അവർ തന്നെയാണ് അത് കാണിച്ചു തന്നതെന്നും കൃഷ്ണകുമാർ പറഞ്ഞു.
അതേസമയം, തട്ടിപ്പ് നടത്തിയതിൽ കുറ്റബോധം തോന്നിയെന്നും ഓഗസ്റ്റിലാണ് ആദ്യമായി പണം തട്ടിയതെന്നും കൃഷ്ണ കുമാറിന്റെ ഭാര്യ പുറത്തുവിട്ട വീഡിയോയിൽ ജീവനക്കാർ പറയുന്നുണ്ട്. സ്ഥാപനത്തിൽ സാധനം വാങ്ങാനെത്തുന്നവർ പണം അയക്കാനായി ക്യൂആർ കോഡ് ചോദിക്കുമ്പോൾ സ്വന്തം ഫോണിലെ കോഡാണ് കാണിച്ചു കൊടുക്കാറുള്ളതെന്നും വീഡിയോയിൽ പറയുന്നു.കൈയിലുണ്ടായിരുന്ന സ്വർണമടക്കം വിറ്റാണ് 5 ലക്ഷം രൂപ ദിയയ്ക്ക് തിരികെ നൽകാനായി ഉണ്ടാക്കിയതെന്നും പറയുന്നു. പണം ആയിട്ട് മാത്രം 40,000 രൂപയോളം മോഷ്ടിച്ചിട്ടുണ്ടെന്നാണ് വീഡിയോയിൽ ജീവനക്കാരിൽ ഒരാൾ പറയുന്നത്.
അതേസമയം,രണ്ടു പരാതികളും കന്റോൺമെന്റ് എ.സി.പിയുടെ മേൽനോട്ടത്തിൽ മ്യൂസിയം സി.ഐ എസ് വിമൽ ആണ് അന്വേഷിക്കുന്നത്. ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.മൂന്നു വനിത ജീവനക്കാരുടെയും ദിയ കൃഷ്ണയുടെയും അക്കൗണ്ട് വിവരങ്ങൾ തേടി പൊലീസ് ബാങ്കിന് കത്ത് നൽകിയിട്ടുണ്ട്. ഇത് ലഭിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യൽ.
മക്കളുടെ സുരക്ഷയിൽ ആശങ്ക: നടൻ കൃഷ്ണകുമാർ
തിരുവനന്തപുരം: മകൾ ദിയകൃഷ്ണയുടെ ആഭരണക്കടയിലെ പണം തിരിമറിക്കേസുമായി ബന്ധപ്പെട്ട് മക്കൾ സുരക്ഷിതരല്ലെന്ന ആശങ്കയുണ്ടെന്ന് നടൻ കൃഷ്ണകുമാർ. ലക്ഷക്കണക്കിന് രൂപ വായ്പയെടുത്താണ് മകൾ സ്ഥാപനം ആരംഭിച്ചത്. പണം നഷ്ടമായതിന്റെ വിഷമത്തിലാണ് ജീവനക്കാരികളോട് ആ രീതിയിൽ ചോദ്യം ചെയ്യലുണ്ടായതെന്നും കൃഷ്ണകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജീവനക്കാരികൾ ഉന്നയിക്കുന്ന ആരോപണങ്ങളിൽ തെളിവുണ്ടെങ്കിൽ സമർപ്പിക്കുകയാണ് വേണ്ടത്. തങ്ങൾ നൽകിയ പരാതിക്ക് അടിസ്ഥാനമായി എല്ലാ തെളിവുകളും പൊലീസിന് നൽകിയിട്ടുണ്ട്. ജീവനക്കാരെ തടഞ്ഞുവച്ചതിന് തെളിവില്ല. പൊലീസ് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചാൽ സത്യാവസ്ഥ തെളിയിക്കാനാവും. ഇതിൽ മതവും രാഷ്ട്രീയവും കലർത്തരുത്. പൊലീസ് ഉദ്യോഗസ്ഥൻ പക്ഷപാതം കാട്ടിയിട്ടുണ്ട്. പൊലീസ് നിഷ്പക്ഷമായി വേണം അന്വേഷിക്കാൻ. വാദി ഞങ്ങളാണ്. ഞങ്ങളുടെ പരാതിയിന്മേൽ കൗണ്ടർ പെറ്റിഷനാണ് അവരുടേത്.
ജീവനക്കാർ ആരോപിക്കുന്നതുപോലെ അവരുടെ ക്യൂ.ആർ കോഡിലൂടെ പണം വാങ്ങാൻ നിർദ്ദേശിച്ചിട്ടില്ല. നികുതി വെട്ടിക്കാനുള്ള ഇടപാട് നടന്നിട്ടില്ല. കണക്ക് പ്രകാരം 69 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായാണ് മനസിലാകുന്നത്. മുൻപും ഈ ജീവനക്കാർ സാമ്പത്തികത്തട്ടിപ്പ് നടത്തിയിട്ടുണ്ട്. എന്നാൽ, അന്ന് വേണ്ടവിധത്തിൽ പരിശോധിച്ചില്ല. മകളുടെ ഭാഗത്തും ശ്രദ്ധകുറവുണ്ടായിട്ടുണ്ട്.
ജാതീയതയുണ്ടെങ്കിൽ ജീവനക്കാരെ ജാതിനോക്കി എടുത്താൽ പോരേ. ഞങ്ങൾ ജാതിയെക്കുറിച്ച് ചിന്തിക്കുന്നവരല്ല. മകൾ മൂന്ന് ജീവനക്കാരികളുമായും വളരെ അടുപ്പം പുലർത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയപ്പോൾ വിശദമായ അന്വേഷണമുണ്ടാകുമെന്ന് അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനോട് കടപ്പെട്ടിരിക്കുന്നു.