ശ്രീനാരായണ ദിവ്യസത്സംഗം 14ന് ആരംഭിക്കും

Monday 09 June 2025 1:05 AM IST

ശിവഗിരി : ശ്രീനാരായണ ഗുരുദേവൻ വിഭാവനം ചെയ്ത ആത്മീയപാതയിലൂടെ സമൂഹത്തെ നടത്തി ഇന്ന് കാണുന്ന ധാർമ്മികമായ മൂല്യശോഷണങ്ങൾക്ക് പരിഹാരമേകാൻ ശിവഗിരി മഠത്തിൽ എല്ലാ മാസവും രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും ശ്രീനാരായണ ദിവ്യസത്സംഗം സംഘടിപ്പിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ മുഖ്യ ആചാര്യനായിരിക്കും. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ തുടങ്ങി ശിവഗിരിയിലെ സന്യാസിശ്രേഷ്ഠരും പണ്ഡിതരും ഗുരുധർമ്മ പ്രചാരകരും ഗുരുദർശനത്തെ ആസ്പദമാക്കിയുളള ക്ലാസുകൾക്ക് നേതൃത്വം നല്കും. ജൂൺ 14ന് രാവിലെ 10ന് ശ്രീനാരായണ ദിവ്യസത്സംഗം ആരംഭിക്കും. രണ്ടാം ദിവസം പർണ്ണശാലയിലെ ശാന്തിവഹനത്തോടു കൂടി തുടരുന്ന ദിവ്യസത്സംഗത്തിൽ പ്രാർത്ഥനയും ധ്യാനവും ജപവും പ്രബോധനവും ക്ലാസുകളും കർമ്മയോഗയും ഉണ്ടാകും. മഠത്തിന്റെ പോഷക സംഘടനയായ ഗുരുധർമ്മ പ്രചരണസഭയാണ് ശ്രീനാരായണ ദിവ്യസത്സംഗം സംഘടിപ്പിക്കുന്നത്. ശ്രീനാരായണ ഗുരുദേവനെയും ഗുരു ലോകത്തിനു നല്കിയ മഹത്തായ ഏകത്വ ദർശനത്തെയും ആഴത്തിൽ അറിയാനാഗ്രഹിക്കുന്ന എല്ലാവരെയും ദിവ്യസത്സംഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അറിയിച്ചു. ഫോൺ : 7012721492 , 9447584240,9496504181