ഉണ്ണി മുകുന്ദൻ മാപ്പുപറഞ്ഞിട്ടില്ല മുൻ മാനേജർക്കെതിരെ നടപടിക്കൊരുങ്ങി ഫെഫ്ക
Monday 09 June 2025 1:07 AM IST
കൊച്ചി: നടൻ ഉണ്ണി മുകുന്ദന്റെ മുൻ മാനേജർ വിപിനെതിരെ നടപടിക്കൊരുങ്ങി ഫെഫ്ക. ശനിയാഴ്ച അമ്മയുടെ ഓഫീസിൽ ഫെഫ്കയുടെയും അമ്മയുടെയും നേതൃത്വങ്ങൾ സംയുക്തമായി ഇരുവരും തമ്മിലുള്ള തർക്കം പരിഹരിച്ചിരുന്നു. ഒത്തുതീർപ്പ് ധാരണകൾ ലംഘിച്ച് വിപിൻ ഉണ്ണി മുകുന്ദനെതിരെ ടി.വി ചാനലിനോട് സംസാരിച്ചതാണ് നടപടിയിലേക്ക് നയിച്ചത്. ഇനി വിപിനുമായി സഹകരിക്കില്ലെന്നും അച്ചടക്കനടപടി സ്വീകരിക്കാൻ തീരുമാനിച്ചെന്നും ഫെഫ്ക ഭാരവാഹികൾ അറിയിച്ചു.
ഉണ്ണി മുകുന്ദൻ തന്നോട് നിരുപാധികം മാപ്പ് പറഞ്ഞെന്നും ഉണ്ണി മുകുന്ദന്റെ ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്ന് ഫെഫ്കയ്ക്കും താരസംഘടനയായ അമ്മയ്ക്കും മനസിലായെന്നും കാര്യങ്ങൾ എല്ലാവർക്കും ബോദ്ധ്യപ്പെട്ടുകഴിഞ്ഞെന്നുമാണ് വിപിൻ ചാനലിനോട് ഫോണിൽ പറഞ്ഞത്. ഉണ്ണി മുകുന്ദൻ മാപ്പ് പറഞ്ഞിട്ടില്ലെന്ന് താരസംഘടനയായ അമ്മ വ്യക്തമാക്കി.