യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ഭർത്താവ് കസ്റ്റഡിയിൽ

Monday 09 June 2025 1:09 AM IST

വരന്തരപ്പിള്ളി : സംശയത്തെ തുടർന്ന് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന ഭർത്താവ് കസ്റ്റഡിയിൽ. പൊലീസ് സ്‌റ്റേഷന് സമീപം വാടകയ്ക്ക് താമസിക്കുന്ന പീച്ചി - കണ്ണാറ കരടിയാള തെങ്ങനൻ കുഞ്ഞുമോനാണ് (40) പിടിയിലായത്. വരന്തരപ്പിള്ളി പാറക്കവീട്ടിൽ ഗംഗാധരന്റെ മകളും ഇയാളുടെ ഭാര്യയുമായ ദിവ്യ (35) കൊല്ലപ്പെട്ട കേസിലാണ് പിടിയിലായത്.

ഇവർ ആറ് മാസമേ ആയിട്ടുള്ളൂ ഇവിടെ താമസമാക്കിയിട്ട്. ദിവ്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന കുഞ്ഞുമോന്റെ സംശയമാണ് കൊലപാതകത്തിലേക്കെത്തിയത്. ശനിയാഴ്ച രാത്രി മരണം നടന്നതായി സംശയിക്കുന്നു. നെഞ്ചുവേദനയെ തുടർന്ന് ദിവ്യ മരിച്ചതായി കുഞ്ഞുമോൻ തന്നെയാണ് പൊലീസിനെയും ബന്ധുക്കളെയും അറിയിച്ചത്. ആദ്യം ബന്ധുക്കൾക്കും പരാതി ഉണ്ടായിരുന്നില്ല. ഇൻക്വസ്റ്റ് നടത്തുന്നതിനിടെ കഴുത്തിൽ വിരൽപ്പാടുകൾ കണ്ടതിനെ തുടർന്നാണ് സംശയം തോന്നിയത്. കുഞ്ഞുമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദിവ്യ മുമ്പ് മണ്ണംപേട്ടയിൽ പാവ നിർമ്മാണ കമ്പനിയിലെ ജീവനക്കാരിയായിരുന്നു. പാലപ്പിള്ളിയിലെ ഹാരിസൺ മലയാളം കമ്പനിയിൽ കയറ്റിറക്ക് തൊഴിലാളിയാണ് കുഞ്ഞുമോൻ. പൊലീസ് ഫൊറൻസിക് വിഭാഗം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മകൻ : കാർത്തിക്.