ചടയമംഗലത്ത് കാറും ആംബുലൻസും കൂട്ടിയിടിച്ച് കുട്ടികളടക്കം 8 പേർക്ക് പരിക്ക്
ചടയമംഗലം: എം.സി. റോഡിൽ ചടയമംഗലം ആറാട്ട്കടവ് മത്സ്യ വിപണന കേന്ദ്രത്തിന് സമീപം ഇന്നലെ വൈകിട്ട് 5.15 ഓടെ കാറും ആംബുലൻസും കൂട്ടിയിടിച്ച് കുട്ടികളടക്കം എട്ട് പേർക്ക് പരിക്ക്.
കാർ യാത്രികരായ കരുനാഗപ്പള്ളി സ്വദേശികളായ നവാസ് (44), ജാസ്മിൻ (39), ഫാത്തിമ (13), റയാൻ (18), ഫെയ്സി (13), റയാദ് (18) എന്നിവർക്കും ആംബുലൻസ് ഡ്രൈവർ കുന്നിക്കോട് സ്വദേശി മുഹമ്മദ് ഈസ (33), രോഗിയുടെ കൂടെയുണ്ടായിരുന്ന രാധമ്മ (35) എന്നിവർക്കുമാണ് പരിക്കേറ്റത്.
വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആംബുലൻസ് രോഗികളുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പോകുമ്പോഴാണ് എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചത്. അപകടത്തിൽപ്പെട്ട കാറിന്റെ ഡ്രൈവറെ കടയ്ക്കലിൽ നിന്നെത്തിയ അഗ്നിരക്ഷാസേന കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
തലയ്ക്ക് ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ചടയമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്.