കിരീട കാർലോസ്

Monday 09 June 2025 2:28 AM IST

കാർലോസ് അൽക്കാരസിന് ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് കിരീട‌ം

അഞ്ചുസെറ്റ് നീണ്ട ഫൈനലിൽ യാന്നിക് സിന്നറെ തോൽപ്പിച്ചു

പാരീസ് : ഓരോ സർവിലും ആവേശം നിറഞ്ഞുതുളുമ്പിയ ഫൈനലിലെ സൂപ്പർ ടൈബ്രേക്കറിൽ ലോക ഒന്നാം നമ്പർ ഇറ്റലിക്കാരൻ യാന്നിക്ക് സിന്നറെ കീഴടക്കി സ്പാനിഷ് യുവതാരം കാർലോസ് അൽക്കാരസ് ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് കിരീട‌ം സ്വന്തമാക്കി. കാർലോസിന്റെ തുടർച്ചയായ രണ്ടാം കിരീടമാണിത്. 5 മണിക്കൂർ 29 മിനിട്ട് നീണ്ട മത്സരത്തിൽ

4-6,6-7(4/7), 6-4,7-6(7/3),7-6(10/2) എന്ന സ്കോറിനാണ് കാർലോസ് സിന്നറെ തോൽപ്പിച്ചത്. ആദ്യ രണ്ട് സെറ്റുകൾ കൈവിട്ടശേഷം തിരിച്ചടിച്ചാണ് കാർലോസ് തന്റെ അഞ്ചാം ഗ്രാൻസ്ളാം കിരീടം നേടിയത്. ഫ്രഞ്ച് ഓപ്പണിലെ ഏറ്റവും ദൈർഘ്യമേറിയ ഫൈനലാണിത്.

കാർലോസ് അൽക്കാരസിനെതിരായ കലാശക്കളിയുടെ ആദ്യ സെറ്റ് 6-4നാണ് സിന്നർ സ്വന്തമാക്കിയത്. എന്നാൽ രണ്ടാം സെറ്റിൽ കാർലോസ് ശക്തമായി തിരിച്ചട‌ിച്ചു. ടൈബ്രേക്കറിലാണ് സിന്നർക്ക് ഈ സെറ്റ് സ്വന്തമാക്കാൻ കഴിഞ്ഞത്. എന്നാൽ മൂന്നാം സെറ്റുമുതൽ കാർലോസ് തിരിച്ചുവന്നു.6-4ന് ഈ സെറ്റ് നേടിയ കാർലോസ് അടുത്ത രണ്ട് സെറ്റുകളിലും ടൈബ്രേക്കർ ജയിച്ചാണ് ഇതിഹാസം രചിച്ചത്.