കരാറുകാരൻ  മുങ്ങി: അങ്കണവാടിക്കെട്ടിട നിർമ്മാണം മുടങ്ങി

Monday 09 June 2025 2:47 AM IST

കാളികാവ്: നിർമ്മാണ കരാറേറ്റെടുത്തയാൾ മുങ്ങിയതിനെ തുടർന്ന് അങ്കണവാടിക്കെട്ടിടം നിർമ്മാണം മുടങ്ങി. ചോക്കാട് വെടിവച്ചപാറ പഴയ അങ്കണവാടി പൊളിച്ച് മാറ്റി തുടങ്ങിയ പുതിയതിന്റെ നിർമ്മാണമാണ് മുടങ്ങിയത്.

രണ്ട് വർഷത്തോളമായി പുതുക്കിപ്പണി ആരംഭിച്ചെങ്കിലും തറ നിർമ്മാണം പോലും കഴിഞ്ഞിട്ടില്ല.കരാറുകാരൻ പാതി വഴിയിൽ ഉപേക്ഷിച്ച നിലയിലാണിപ്പോൾ. നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.

ജീർണ്ണിച്ച വാടക കെട്ടിടത്തിലാണ് അംഗണവാടി ഇപ്പോൾ പ്രവർത്തിക്കുന്നത്.

പഴയ കെട്ടിടം ജീർണ്ണിച്ചതിനാലാണ് പൊളിച്ചുമാറ്റിയത്.

ജില്ലാ പഞ്ചായത്തിന്റെ 18 ലക്ഷം രൂപയുടെ ഫണ്ടും നേരത്തെ ഇതിനായി അനുവദിച്ചിട്ടുണ്ട്.

എന്നാൽ തറ നിർമ്മാണം തുടങ്ങി കരാറുകാരൻ പ്രവൃത്തി ഉപേക്ഷിച്ചു പോയി. ബ്ലോക്ക് പഞ്ചായത്തിനാണ് നിർവ്വഹണ ചുമതല. അവരും തിരിഞ്ഞു നോക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.കരാറുകാരൻ ഉപേക്ഷിച്ചതോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും ജീവനക്കാരും ദുരിതത്തിലായി.

15 കുട്ടികളാണ് അങ്കണവാടിയിൽ ഇപ്പോഴുള്ളത്. എന്നാൽ കെട്ടിടത്തിന്റെ ബലക്ഷയം കാരണം പത്തിൽ താഴെ കുട്ടികൾ മാത്രമാണ് ഇപ്പോൾ അങ്കണവാടിയിൽ വരുന്നത്.