പ്രിയങ്കാഗാന്ധിയുടെ റോഡ് ഷോ 13ന്

Monday 09 June 2025 2:51 AM IST

നിലമ്പൂർ: കുടുംബ യോഗങ്ങളുമായി നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് യു.ഡി.എഫ്. ഇന്ന് മുതൽ ബൂത്ത് തലത്തിൽ കുടുംബ യോഗങ്ങൾ ആരംഭിക്കും. എ.ഐ.സി.സി. ജനറൽ സെക്രട്ടറിയും വയനാട് എം.പിയുമായ പ്രിയങ്ക ഗാന്ധി 13ന് നിലമ്പൂരിലെത്തും. വൈകുന്നേരം മൂന്നിന് മൂത്തേടത്തും നാലിന് നിലമ്പൂരിലും റോഡ് ഷോ നടത്തും. മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ 13നും 16നും നിയോജക മണ്ഡലത്തിൽ പര്യടനം നടത്തും. എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ 12ന് ഐ.എൻ.ടി.യു.സി. കൺവൻഷൻ ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെ.പി.സി.സി പ്രസിഡന്റ് അഡ്വ.സണ്ണി ജോസഫ്, മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, കെ.സുധാകരൻ, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ. സലാം, അബ്ബാസ് അലി തങ്ങൾ തുടങ്ങിയവർ മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുകയാണെന്നും മറ്റ് ഘടക കക്ഷി നേതാക്കളും വരും ദിവസങ്ങളിൽ കുടുംബയോഗങ്ങളും മറ്റ് പരിപാടികളുമായി പങ്കെടുക്കുമെന്ന് എ.പി. അനിൽ കുമാർ എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.