അടിക്ക് തിരിച്ചടി, ആവേശം വാനോളം, യുവേഫ നേഷൻസ് ലീഗ് കപ്പുയർത്തി പോർച്ചുഗൽ, വിജയം പെനാൽറ്റി ഷൂട്ടൗട്ടിൽ (5-3)

Monday 09 June 2025 7:26 AM IST

മ്യൂണിച്ച്: ഗോൾവലകൾ കുലുക്കി നിശ്ചിതസമയവും എക്‌സ്‌ട്രാ ടൈമും കടന്ന് പെനാൽറ്റി ഷൂട്ടൗട്ടിലെത്തിയ മത്സരത്തിൽ സ്‌പെയിനിനെ മൂന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്ത് പോർച്ചുഗലിന് യുവേഫ നേഷൻസ് ലീഗ് കിരീടം. പോർച്ചുഗലിനെതിരെ ആക്രമിച്ച് കളിച്ച സ്‌പാനിഷ് യുവനിര ആദ്യപകുതിയിൽ 2-1ന് മുന്നിലെത്തിയിരുന്നു. എന്നാൽ 61-ാം മിനിട്ടിൽ നായകൻ സൂപ്പർതാരം ക്രിസ്‌റ്റ്യാനോ റൊണാൾഡോ നേടിയ ഗോളിൽ പോർച്ചുഗൽ സമനില തിരികെ പിടിച്ചു.

പിന്നീട് നിശ്ചിത സമയം കഴിഞ്ഞ് എക്‌സ്‌ട്രാ ടൈമിലും ഇരുടീമുകളും വാശിയോടെ കളിച്ചെങ്കിലും ഗോളൊന്നും നേടിയില്ല. ഇതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. അവിടെയും ആവേശം ഒട്ടും ചോർന്നില്ല. ഇരുടീമുകളും ഒന്നിന് പിറകെ ഒന്നായി ഗോളുകൾ നേടി. എന്നാൽ നാലാമതായി സ്പാനിഷ് താരം അൽവെരോ മൊറോട്ടയുടെ കിക്ക് പോർച്ചുഗീസ് ഗോളി ഡിയാഗോ കോസ്‌‌റ്റ തടുത്തു. ഇതിനുപിന്നാലെ പോർച്ചുഗലിനായി റൂബെൻ നെവെസ് അഞ്ചാംഗോൾ നേടിയതോടെ 5-3ന് വിജയിച്ച് പോർച്ചുഗൽ കപ്പ് നേടി.

മത്സരത്തിന്റെ 21-ാം മിനിട്ടിലാണ് ആദ്യ ഗോൾ പിറന്നത്. സ്‌പെയിനിനായി മാർട്ടിൻ സുബിമെൻഡിയാണ് ഗോൾ നേടിയത്. പിന്നാലെ തന്റെ കന്നി ഗോൾ അന്താരാഷ്‌ട്ര ഫുട്ബോൾ മത്സരത്തിൽ നേടി നുനോ മെൻഡിസ് പോർച്ചുഗലിനെ ഒപ്പമെത്തിച്ചു. എന്നാൽ ആദ്യ പകുതി കഴിയുന്നതിന് തൊട്ടുമുൻപ് മൈക്കൽ ഒയാർസബാൽ സ്‌പെയിനിനായി രണ്ടാം ഗോൾ നേടി.

രണ്ടാം പകുതിയിൽ തിരിച്ചടി നൽകാൻ ആക്രമിച്ചുതന്നെയാണ് പോർച്ചുഗൽ കളിച്ചത്. 61-ാം മിനിട്ടിൽ നായകനിലൂടെ തന്നെ തിരിച്ചടി നൽകി. ന്യൂനോ മെൻഡിസ് നൽകിയ അവസരം ക്ലോസ് റേഞ്ചിൽ ഗംഭീര ഗോളാക്കി റൊണാൾഡോ മാറ്റി.2019ലെ ആദ്യ യുവേഫ നേഷൻസ് ലീഗിൽ കിരീടം നേടിയ ശേഷം പിന്നീ‌ട് ഇത്തവണയാണ് പോർച്ചുഗൽ വിജയിക്കുന്നത്.