കൊച്ചി കപ്പലപകടത്തിൽ കേസ് വേണ്ട, ഇൻ‌ഷുറൻസ് ക്ളെയിം മതിയെന്ന് സംസ്ഥാന സർക്കാർ

Monday 09 June 2025 9:01 AM IST

കൊച്ചി: കേരളതീരത്തോട് ചേർന്ന് എംഎസ്‌സി എൽസ-3 എന്ന ചരക്കുകപ്പൽ മുങ്ങിയ സംഭവത്തിൽ പൊലീസ് കേസെടുക്കേണ്ടതില്ലെന്ന തീരുമാനത്തിൽ സംസ്ഥാന സർക്കാർ. മേയ് 29ന് മുഖ്യമന്ത്രിയും കേന്ദ്ര സർക്കാരിന് കീഴിലെ ഡയറക്‌ടർ ജനറൽ ഓഫ് ഷിപ്പിംഗും പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. പാരിസ്ഥിതിക ആശങ്കകളടക്കം ഉയർത്തിയ കപ്പലപകടത്തിൽ പൊലീസ് കേസെടുക്കാത്തതിനെ കുറിച്ച് ചർച്ചകൾ നടക്കവെയാണ് സർക്കാർ തീരുമാനം സംബന്ധിച്ച വിവരം പുറത്തുവന്നത്.

ലോകത്തെ വമ്പൻ കണ്ടെയ്‌നർ ഷിപ്പിംഗ് കമ്പനികളിലൊന്നായ എം‌എസ്‌സിയെ ക്രിമിനൽ കേസിൽ വലിച്ചിഴക്കാതെ ഇൻ‌ഷുറൻസ് ക്ളെയിം വഴിമാത്രം പരിഹാരം കണ്ടെത്തുക എന്നതാണ് സർക്കാരിന്റെ ശ്രമം. യോഗവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി എ.ജയതിലക് തയ്യാറാക്കിയ കുറിപ്പ് പ്രകാരം നാശനഷ്‌ടങ്ങളുടെ തെളിവുകൾ സ്വീകരിക്കുന്നതിനാകണം ഇപ്പോൾ ഊന്നൽ നൽകേണ്ടതെന്നും ഇൻ‌ഷുറൻസ് ക്ളെയിം ലഭിക്കാൻ ഇത് സഹായകരമാകും എന്നുമാണ് സർക്കാർ നിലപാട്.

ഇതിനിടെ ഇതേ കമ്പനിയുടെതന്നെ ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പൽ ഇന്ന് വിഴിഞ്ഞം തുറമുഖത്ത് ബർത്ത് ചെയ്‌തു. രാവിലെ എട്ടോടെയാണ് എംഎസ്‌സി ഐറിന എന്ന കപ്പൽ വിഴിഞ്ഞം തുറമുറത്തെത്തിയത്. വാട്ടർ സല്യൂട്ട് നൽകിയാണ് കപ്പലിനെ സ്വീകരിച്ചത്.