മരുന്നിന്റെ നിലവാരം മെഡ്‌വാച്ച് പറയും

Tuesday 10 June 2025 1:30 AM IST

കൊച്ചി: വാങ്ങുന്ന മരുന്നുകളുടെ ഗുണനിലവാരം നമുക്കുതന്നെ പരിശോധിക്കാൻ ആപ്ലിക്കേഷൻ ഉടൻ വരും. മെഡ്‌വാച്ച് മൊബൈൽ ആപ്പ് സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വിഭാഗമാണ് സജ്ജമാക്കുന്നത്.

മരുന്നിന്റെ ബാച്ച്നമ്പർ, പേര് എന്നിവ ആപ്ലിക്കേഷനിൽ നൽകിയാൽ ഗുണനിലവാര വിവരങ്ങളും മറ്റും അപ്പോൾത്തന്നെ കിട്ടും. നിലവിൽ ഇത് മരുന്ന് പരിശോധനാ ലബോറട്ടറികൾക്കും ആശുപത്രികൾക്കുമാണ് അറിയാനാകുന്നത്.

രാജ്യത്തെ അംഗീകൃത മരുന്ന് പരിശോധനാ ലബോറട്ടറികളുമായി ബന്ധിപ്പിച്ചുള്ളതാവും ആപ്ലിക്കേഷൻ. ലാബിൽ മരുന്ന് പരിശോധിച്ച് ഫലം അപ്‌ഡേറ്റ് ചെയ്യുമ്പോൾ ആപ്ലിക്കേഷനിലും ലഭ്യമാകും. ഡ്രഗ്‌സ് കൺട്രോൾ ഡിപ്പാർട്‌മെന്റിന് കീഴിലെ സാംപിൾ മൊഡ്യൂൾ പോർട്ടലും ആപ്പുമായി ബന്ധിപ്പിക്കും.

ഗുണനിലവാര പ്രശ്‌നങ്ങളുണ്ടെങ്കിൽ അതും അപ്‌ഡേറ്റായിക്കൊണ്ടേയിരിക്കും. നോട്ടിഫിക്കേഷനുകളും കിട്ടും. ആപ്പ് ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ സുരക്ഷി​തമായിരിക്കും. വില്പനയിലെ സുതാര്യതയും ഉറപ്പ് വരുത്തുന്നതാവും മെഡ്‌വാച്ച്. സ്റ്റാർട്ടപ്പ് മിഷനോ സി-ഡിറ്റിനോ ആപ്ലിക്കേഷൻ സജ്ജമാക്കാനുള്ള ചുമതല നൽകും.

ഇൻസ്റ്റാൾ ചെയ്യാൻ

ആപ്പ് സ്റ്റോറിൽ നിന്ന് ഇൻസ്റ്റാൾ ചെയ്യണം

ഫോൺനമ്പർ, പേര്, ഇ- മെയിൽ ഐ.ഡി നൽകി രജിസ്ട്രേഷൻ

ഒ.ടി.പി മുഖേനയാണ് വെരിഫിക്കേഷൻ