ഷോക്കേറ്റ് വിദ്യാർത്ഥിയുടെ മരണം : വൈദ്യുതി മോഷണത്തെക്കുറിച്ച് പരാതി അറിയിച്ചിരുന്നില്ലെന്ന് കെ എസ് ഇ ബി
തിരുവനന്തപുരം: നിലമ്പൂരിൽ വൈദ്യുതിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ആരോപണങ്ങൾക്ക് മറുപടിയുമായി കെ.എസ്.ഇ.ബി. വൈദ്യുതി മോഷ്ടിച്ച് പന്നിക്കെണി നിർമ്മിക്കുന്ന വിവരം ഏഴ് മാസം മുമ്പ് അധികൃതരെ അറിയിച്ചിരുന്നുവെന്ന വാദം വസ്തുതാ വിരുദ്ധമാണെന്ന് കെ.എസ്.ഇ.ബി പ്രസ്താവനയിൽ അറിയിച്ചു.
ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് വസ്തുതാപരമല്ല. കെ എസ് ഇ ബി വഴിക്കടവ് സെക്ഷൻ ഓഫീസിൽ അത്തരമൊരു പരാതി ലഭിച്ചിട്ടില്ല. തോട്ടിയിൽ ഘടിപ്പിച്ച വയർ വൈദ്യുതി ലൈനിൽ കൊളുത്തി വൈദ്യുതി മോഷ്ടിച്ചതാണ് കഴിഞ്ഞ ദിവസം നിലമ്പൂരിൽ നടന്ന അപകടത്തിനു കാരണമായത്. വനാതിർത്തിക്ക് സമീപം പുറത്തുനിന്നുള്ള എത്തിപ്പെടൽ ദുഷ്കരമായ ഒറ്റപ്പെട്ട പ്രദേശമാണെന്നതിനാലും രാത്രികാലങ്ങളിലാണ് ഇത്തരത്തിൽ വൈദ്യുതി മോഷ്ടിക്കുന്നത് എന്നതിനാലും കെ എസ് ഇ ബി ജീവനക്കാർക്ക് സ്വമേധയാ ഇത്തരം മോഷണങ്ങൾ കണ്ടെത്തി നിയന്ത്രിക്കുന്നത് എളുപ്പമല്ല. ജനങ്ങളുടെ സഹകരണമുണ്ടെങ്കിൽ മാത്രമേ ഇത്തരം ദുഷ്പ്രവണതകളും അപകടങ്ങളും ഒഴിവാക്കാൻ കഴിയുകയുള്ളൂവെന്നും പ്രസ്താവനയിൽ പറയുന്നു.
വൈദ്യുതി മോഷണം സംബന്ധിച്ച വിവരങ്ങൾ കെ എസ് ഇ ബിയുടെ സെക്ഷൻ ഓഫീസുകളിലോ ആന്റി പവർ തെഫ്റ്റ് സ്ക്വാഡിന്റെ തിരുവനന്തപുരം വൈദ്യുതി ഭവനിലെ സംസ്ഥാന കാര്യാലയത്തിലോ ജില്ലാ കാര്യാലയങ്ങളിലോ ഓഫീസ് സമയത്ത് വിളിച്ച് അറിയിക്കാൻ കഴിയും. 9496010101 എന്ന എമർജൻസി നമ്പരിൽ വിളിച്ചും വാട്സാപ്പ് സന്ദേശമയച്ചും വിവരങ്ങൾ അറിയിക്കാം. വൈദ്യുതി ദുരുപയോഗം സംബന്ധിച്ച വിവരങ്ങൾക്കൊപ്പം കൃത്യമായ സ്ഥലവിവരണവും സെക്ഷൻ ഓഫീസിന്റെ പേരും ചേർക്കുന്നത് ഉചിതമായിരിക്കും. വിവരങ്ങൾ കൈമാറുന്ന ആളിന്റെ വിശദാംശങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കും. അർഹമായ പാരിതോഷികവും നൽകും.