'നിത്യമണവാട്ടി'തട്ടിപ്പ്: വിശദ അന്വേഷണം

Tuesday 10 June 2025 1:50 AM IST

ആര്യനാട്: പത്തോളം വിവാഹത്തട്ടിപ്പ് നടത്തിയ 'നിത്യമണവാട്ടി' എറണാകുളം ഉദയംപേരൂർ മണക്കുന്നം ഇല്ലത്തുപറമ്പിൽ കോരയത്ത് ഹൗസിൽ രേഷ്മയെക്കുറിച്ച് (32) ആര്യനാട് പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു. രേഷ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിവാഹ തട്ടിപ്പിനിരയായവരെപ്പറ്റിയും കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നു. ഇവർക്ക് സ്വർണവും പണവും നഷ്ടപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കും.

2014ൽ ആദ്യം വിവാഹംചെയ്ത എറണാകുളം സ്വദേശി മുതൽ തൊടുപുഴ, കോട്ടയം, കൊട്ടാരക്കര, വാളകം, വൈക്കം,കൊല്ലം,തിരുവനന്തപുരം,തിരുമല,ആര്യനാട് എന്നിവിടങ്ങളിൽ കബളിപ്പിക്കപ്പെട്ടവരെപ്പറ്റിയുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടോയെന്നും പരിശോധിക്കും. വനിതാ ജയിലിൽ റിമാൻഡിലുള്ള രേഷ്മയെ കസ്റ്റഡിയിൽ വാങ്ങിയും കൂടുതൽ ചോദ്യം ചെയ്യും. ഇതിനായി കോടതിയിൽ അപേക്ഷ നൽകുമെന്ന് ആര്യനാട് എസ്.എച്ച്.ഒ വി.എസ്.അജീഷ് പറഞ്ഞു.

വിവാഹ പരസ്യം നൽകുന്ന ഗ്രൂപ്പിലെ നമ്പറുകളിലേയ്ക്ക് അമ്മയെന്ന പേരിൽ വിളിക്കുന്നത് രേഷ്മയാണോ മറ്റാരെങ്കിലുമാണോയെന്നതും പരിശോധിക്കും. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഇതേവരെ കൂടുതൽ പരാതികളൊന്നും പൊലീസിൽ എത്തിയിട്ടില്ല.