സഹോദരന്റെ ബിസിനസ് സ്വപ്നം സഫലമാക്കി ജലീന

Tuesday 10 June 2025 12:54 AM IST

കണ്ണൂർ: സഹോദരന്റെ ബിസിനസിന് ഗ്ലാമർ പോരെന്ന് പറഞ്ഞ് ആദ്യം കളിയാക്കി. വാഹനാപകടത്തിൽ സഹോദരൻ മരിച്ചതോടെ ആകെ തകർന്നു. സഹോദരന് നൽകാവുന്ന ഏറ്റവും വലിയ സമ്മാനമെന്തെന്ന് പിന്നീട് ചിന്തിച്ചു. അദ്ദേഹം പൂർത്തിയാക്കാതെ പോയ ബിസിനസ് സ്വപ്നം ഏറ്റെടുത്തു. അത് വിജയിപ്പിക്കുക. അതിലുറച്ച ജലീന ഐ.ടി ജോലി ഉപേക്ഷിച്ച് അത് സാക്ഷാത്കരിച്ചു.

തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യം ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിൽ ജലീന ഇഗ്‌നേഷ്യസ് ഇന്ന് അറിയപ്പെടുന്ന സംരംഭക. ഈ മേഖലയിലെ ഏക സ്ത്രീ സാന്നിദ്ധ്യം. തിരുവോണം ഇക്കോ ഇൻഡ്ട്രീസ് കമ്പനിക്ക് വാർഷിക വിറ്റുവരവ് അഞ്ച് കോടി.

കാസർകോട് മുതൽ കോട്ടയംവരെ 26 തദ്ദേശ സ്ഥാപനങ്ങളിൽ നിന്നാണ് പ്ളാസ്റ്റിക് അടക്കം മാലിന്യം ശേഖരിക്കുന്നത്. ഇവ ശാസ്ത്രീയമായി സംസ്കരിച്ച് സിമന്റ്, ഇൻഡസ്ട്രിയൽ ഓയിൽ, പ്ളാസ്റ്റിക് ഉത്പന്ന നിർമ്മാണത്തിനടക്കം വിൽക്കുന്നു. 2017ൽ സഹോദരന്റെ സംരംഭം ബത്തേരി, പയ്യന്നൂർ, മാഹി മുനിസിപ്പാലിറ്റികളുമായാണ് കരാറുകളിൽ ഏർപ്പെട്ടിരുന്നത്. അവിടെ നിന്നായിരുന്നു കണ്ണൂർ പിലാത്തറ സ്വദേശി ജലീനയുടെ (35) തുടക്കം.

എൻജിനിയറിംഗ് ബിരുദത്തിനുശേഷം ഏറ്റെടുത്ത ഓസ്‌ട്രേലിയൻ കമ്പനിയുടെ സബ്ജക്ട് മാറ്റർ എക്‌സ്പർട്ട് ജോലി ഇതിനായി ഉപേക്ഷിച്ചു. മാഹിയിൽ നിന്ന് ലോഡ് എടുത്ത് പയ്യന്നൂരിലേക്ക് വരുമ്പോൾ 2021 ഏപ്രിൽ 23നാണ് വാഹനാപകടത്തിൽ ജ്യേഷ്ഠൻ മെയ്ജോ ഇഗ്നേഷ്യസ് മരിച്ചത്.

സഹോദരന്റെ

കടം 40 ലക്ഷം

സംരംഭവുമായി ബന്ധപ്പെട്ട് നാൽപത് ലക്ഷത്തോളം കടം ജ്യേഷ്ഠന് ഉണ്ടായിരുന്നു. വീട് ജപ്തിയിലേക്ക് പോകും മുൻപ് വിറ്റു. ഇന്ന് ബാദ്ധ്യതകളെല്ലാം ഒരുവിധം വീട്ടിയെന്ന് ജലീന.

അച്ഛൻ ഇഗ്‌നേഷ്യസ് ആന്റണി, അമ്മ ജെസി, ഭർത്താവ് അരുൺതോമസ്, മകൾ സൈറ എലിസബത്ത് എന്നിവരുടെ പിന്തുണയുമുണ്ട്.

നിർണായകമായി ഫോൺ

സഹോദരന്റെ ഫോൺ ഉപയോഗിച്ചതാണ് വഴിത്തിരിവായത്. അതിൽ ക്ലയിന്റുകളിൽ നിന്നുള്ള കോളുകൾ വന്നപ്പോഴാണ് സഹോദരന്റെ ബിസിനസ് പ്ലാനുകൾ എത്ര മികച്ചതായിരുന്നു എന്ന് മനസിലായത്. അത് സംരംഭം ഏറ്റെടുക്കുന്നതിൽ ധൈര്യം പകർന്നു.

25-60 ടൺ

പ്രതിമാസം ഒരു നഗരസഭയിൽ നിന്ന്

എടുക്കുന്ന മാലിന്യം

4-5 ടൺ പ്രതിമാസം ഒരു പഞ്ചായത്തിൽ

നിന്ന് ശേഖരിക്കുന്നവ

''സഹാദരൻ ഒരു പ്ലാറ്റ്ഫോം ഇട്ടുതന്നാണ് പോയത്. ഞാനത് നടത്തിക്കൊണ്ടു പോകുന്നു

-ജലീന ഇഗ്‌നേഷ്യസ്