ശല്യമെങ്കിൽ കൊല്ലാം കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല കേരളം അധികാരം ഉപയോഗിക്കണമെന്ന് കേന്ദ്രം
ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ. അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിലവിൽ അധികാരമുണ്ടെന്നും വ്യക്തമാക്കി. നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് പത്താംക്ലാസ് വിദ്യാർത്ഥി അനന്തു മരിച്ചത് സംസ്ഥാന സർക്കാരിന്റെ അനാസ്ഥ കാരണമാണെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് പറഞ്ഞു.
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന അക്രമകാരികളായ കാട്ടുപന്നികളെ നിയന്ത്രിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്കും വനംവകുപ്പിലെ ചീഫ് വൈൽഡ് ലൈഫ് വാർഡനും അധികാരമുണ്ട്. എന്നാൽ, നടപടിയെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ല. കേരളം ഈ അധികാരം ഉപയോഗിക്കുകയാണ് വേണ്ടത്.
കേരളം മാത്രമാണ് നിരന്തരം കുറ്റപ്പെടുത്തുന്നത്. വന്യജീവികൾ നാട്ടിലിറങ്ങി മനുഷ്യജീവൻ അപകടത്തിലാക്കുന്നുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളോ ചിത്രങ്ങളോ വാട്സാപ്പിൽ ലഭിച്ചാൽ പോലും കേന്ദ്രം നടപടിക്ക് അനുമതി നൽകുന്നുണ്ട്.
വൈദ്യുത വേലി നിർമ്മാണവുമായി ബന്ധപ്പെട്ട കേന്ദ്ര മാർഗനിർദ്ദേശങ്ങൾ നടപ്പാക്കാനും സംസ്ഥാനം നടപടി സ്വീകരിക്കുന്നില്ല. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷമായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. കുരങ്ങിനെ രണ്ടാം ഷെഡ്യൂളിലേക്ക് മാറ്റണമെന്ന ആവശ്യവും തള്ളി. കടുവ, കുരങ്ങ്, ആന തുടങ്ങി ഒന്നാം ഷെഡ്യൂളിലുള്ളവ അങ്ങനെതന്നെ തുടരും.
ചിലയിടങ്ങളിൽ ചെയ്തല്ലോ
അക്രമകാരികളായ കാട്ടുപന്നികളെ കേരളത്തിലെ ചില തദ്ദേശ സ്ഥാപനങ്ങൾ കൊന്നൊടുക്കിയിട്ടുണ്ട്. ഇതേമട്ടിൽ മറ്റിടങ്ങളിലും നടപടിയെടുക്കാനാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന് പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളു. കേന്ദ്രത്തിന്റെ അനുമതി നോക്കിയിരിക്കേണ്ട കാര്യമില്ല.
ഏറെക്കാലമായുള്ള ആവശ്യം
1.കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നത് കേരളത്തിന്റെ ഏറെക്കാലമായുള്ള ആവശ്യമാണ്. വനം,വന്യജീവി സംരക്ഷണ നിയമത്തിലെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള വന്യമൃഗമാണ് കാട്ടുപന്നി.
2.ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് ആർക്കും വെടിവച്ചു കൊല്ലാമെന്ന സാഹചര്യമുണ്ടാകുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നതാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട്.