മണ്ണെണ്ണ വിതരണം; പരിഹാരമായില്ല

Tuesday 10 June 2025 1:42 AM IST

തിരുവനന്തപുരം: വെള്ള കാർഡുകാർക്ക് അടക്കം എല്ലാ വിഭാഗങ്ങൾക്കും റേഷൻ കടകളിൽ നിന്ന് മണ്ണെണ്ണ ലഭിക്കുന്ന വിധത്തിൽ കേന്ദ്ര സർക്കാർ അനുവദിച്ച 5,676 കിലോ ലിറ്റർ മണ്ണെണ്ണ ഏറ്റെടുത്ത് വിതരണം ചെയ്യുന്നതിലെ പ്രതിസന്ധി പരിഹരിക്കാൻ സിവിൽ സപ്ലൈസ് കമ്മീഷണർ റേഷൻ വ്യാപാരികളുടേയും ട്രാൻസ്പോർട്ട് കരാറുകാരുടേയും യോഗം വിളിച്ചു.

മണ്ണെണ്ണ കടകളിൽ എത്തിക്കുന്നതിനുള്ള തുക വർദ്ധിപ്പിക്കണമെന്ന് കരാറുകാറും കമ്മിഷൻ വർദ്ധിപ്പിക്കണമെന്ന് റേഷൻ വ്യാപാരികളും നിലപാടെ. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് കമ്മിഷണർ മുഹമ്മദ് ഷെഫീക്ക് അഭ്യർത്ഥിച്ചു. ചർച്ചയുടെ അടിസ്ഥാനത്തിൽ പുതിയ റിപ്പോർട്ട് കമ്മീഷണർ ഭക്ഷ്യവകുപ്പിന് കൈമാറും.1000 ലിറ്റർ മണ്ണെണ്ണ കടകളിൽ എത്തിക്കുന്നതിന് 500 രൂപ വേണമെന്നാണ് കാരാറുകാരുടെ ആവശ്യം. നേരത്തെ ഇത് 350 രൂപയായിരുന്നു. കമ്മിഷൻ ലിറ്ററിന് 3.5 രൂപയിൽ നിന്നും 7 രൂപയാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. മണ്ണെണ്ണയുടെ വില വർദ്ധിപ്പിച്ചു കൊണ്ട് ഈ നിരക്കുകൾ കൂട്ടാനാകില്ലെന്ന നിലപാടാണ് നേരത്തെ ധനവകുപ്പ് സ്വീകരിച്ചിരുന്നത്.