പ്രതിമാസം 3,000 രൂപയുടെ പ്ളാനുമായി സ്‌റ്റാർലിങ്ക്
Tuesday 10 June 2025 12:21 AM IST
സ്ഥാപിക്കുന്നതിന് ചെലവ് 33,000 രൂപ
കൊച്ചി: അമേരിക്കൻ കോടീശ്വരൻ ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സാറ്റലൈറ്റ് കമ്യൂണിക്കേഷൻ കമ്പനിയായ സ്‌റ്റാർലിങ്ക് 3,000 രൂപയുടെ പ്രതിമാസ പ്ളാനുമായി ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയേക്കും. സംവിധാനം സ്ഥാപിക്കുന്നതിന് റിസീവിംഗ് സെറ്റ് ചെലവായി ഒറ്റത്തവണ 33,000 രൂപയും ഈടാക്കും. സെക്കൻഡിൽ 600 മുതൽ 700 ജിഗാബൈറ്റ് വേഗതയിൽ ബാൻഡ്‌വിഡ്ത്തുമായി ഒരു വർഷത്തിനുള്ളിൽ കമ്പനി ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കും. ഇന്ത്യയിൽ വാണിജ്യ അടിസ്ഥാനത്തിൽ സേവനം നൽകുന്നതിന് ജൂൺ ആറിന് കേന്ദ്ര ടെലികോം മന്ത്രാലയം സ്‌റ്റാർലിങ്കിന് ലൈസൻസ് നൽകിയിരുന്നു. നിലവിൽ നൂറിലധികം രാജ്യങ്ങളിൽ സ്‌റ്റാർലിങ്ക് സാറ്റലൈറ്റ് കമ്യൂണിക്കേഷൻ സേവനങ്ങൾ നൽകുന്നുണ്ട്.