വനംമന്ത്രിയുടെ വിവാദപ്രസ്താവന രാഷ്ട്രീയ അൽപ്പത്തം: സണ്ണി ജോസഫ്
കോഴിക്കോട്: പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് 15 വയസുകാരൻ മരിച്ച സംഭവത്തിൽ വനംമന്ത്രി എ.കെ. ശശീന്ദ്രൻ നടത്തിയ വിവാദ പ്രസ്താവന രാഷ്ട്രീയ അൽപത്തമെന്ന് കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ്. പ്രസ്താവന പിൻവലിച്ച് മാപ്പുപറയാൻ മന്ത്രിയും,പറഞ്ഞത് തെറ്റായിപ്പോയെന്ന് സമ്മതിക്കാൻ പാർട്ടി സെക്രട്ടറിയും തയ്യാറാവണം. യു.ഡി.എഫിന്റേത് രാഷ്ട്രീയ ഗൂഢാലോചനയെന്ന് മന്ത്രി ആവർത്തിച്ച് പറഞ്ഞതാണ്. മന്ത്രി വാക്കുകൾ കൊണ്ട് ഉരുണ്ടു കളിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
യു.ഡി.എഫ് നടത്തിയ സമരത്തെ സി.പി.എം വിമർശിക്കേണ്ട കാര്യമില്ല. സി.പി.എമ്മിൽ നിന്നും മര്യാദ പഠിക്കേണ്ട ആവശ്യം തങ്ങൾക്കില്ല. റോമാസാമ്രാജ്യം കത്തിയെരിയുമ്പോൾ വീണ വായിച്ച ചക്രവർത്തിയെപ്പോലെയാണ് വനംമന്ത്രി. വയനാട്ടിൽ തോട്ടം തൊഴിലാളിയെ കടുവ കൊലപ്പെടുത്തിയപ്പോൾ കോഴിക്കോട്ട് പാട്ടുപാടി ഉല്ലസിച്ചയാളാണ് വനംമന്ത്രി. ഈ ധിക്കാരത്തിന് നിലമ്പൂരിലെ വോട്ടർമാർ വോട്ടിലൂടെ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.