മുംബയിൽ 65 കോടിയുടെ തട്ടിപ്പ്: കൊച്ചിയിലും തൃശൂരും ഇ.ഡി റെയ്ഡ്

Tuesday 10 June 2025 1:34 AM IST

കൊച്ചി: മുംബയിൽ മിത്തി നദിയിലെ ചെളി നീക്കംചെയ്യാനുള്ള കരാറിൽ 65കോടിരൂപയുടെ തട്ടിപ്പുകേസിൽ കൊച്ചിയിലും തൃശൂരിലുമുൾപ്പെടെ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡിൽ 1.25 കോടി രൂപയുടെ സ്വത്തുക്കൾ പിടിച്ചെടുത്തു.

കൊച്ചിയിൽ മരടിലെ മാറ്റ്പ്രോപ് ടെക്‌നിക്കൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിലും ഇവരുമായി ബന്ധമുള്ള തൃശൂരിലെ സ്ഥാപനത്തിലുമായിരുന്നു റെയ്ഡ്. മുംബയ് മുനിസിപ്പൽ കോർപ്പറേഷൻ എൻജിനിയർ പ്രശാന്ത് രാമഗുഡേ, കരാറുകാരൻ ഭൂപേന്ദ്ര പുരോഹിത്, ഇവരുമായി അടുപ്പമുള്ളവർ എന്നിവരുടെ വീടുകളിലും ഓഫീസുകളിലുമാണ് റെയ്ഡ് നടത്തിയത്.

കൊച്ചിയിൽ നിന്നുൾപ്പെടെ 22 ബാങ്ക് അക്കൗണ്ടുകളും സ്ഥിരനിക്ഷേപവും ഒരു ഡീമാറ്റ് അക്കൗണ്ടും കണ്ടെത്തി മരവിപ്പിച്ചു. ഇലക്ട്രോണിക്‌സ്, ഡിജിറ്റൽ രേഖകളും പിടിച്ചെടുത്തു. കടലാസ് കമ്പനികളുടെ പേരിലും തട്ടിപ്പ് നടത്തിയെന്ന് ഇ.ഡി കണ്ടെത്തി.