കേരളതീരത്തിനടുത്ത് വീണ്ടും ദുരന്തം , തീഗോളമായി ചരക്കു കപ്പൽ
കൊച്ചി: കേരള തീരത്തോട് ചേർന്ന കപ്പൽപാതയിൽ വീണ്ടും അപകടം. കൊളംബോയിൽ നിന്ന് മുംബയിലേക്ക് പോകുകയായിരുന്ന ചരക്കുകപ്പൽ സ്ഫോടനത്തിൽ അഗ്നിഗോളമായി. ചരക്കുകപ്പലിനെ രക്ഷിക്കാനുള്ള ദൗത്യം വിജയിച്ചില്ല. കപ്പലിൽ 22 പേരാണുണ്ടായിരുന്നത്. ലൈഫ്ബോട്ടിൽ കടലിൽ ചാടിയ ക്യാപ്‌ടൻ ഉൾപ്പെടെ 18 ജീവനക്കാരെ നേവി മംഗലാപുരത്ത് എത്തിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പൊള്ളലേറ്റ അഞ്ചിൽ രണ്ടുപേരുടെ നില അതീവഗുരുതരമെന്നാണ് നാവികസേന നൽകുന്ന വിവരം. നാലുപേർ കപ്പലിൽ കുടുങ്ങിയതായി സംശയിക്കുന്നു.
കണ്ണൂർ അഴീക്കൽ പോർട്ടിൽ നിന്ന് 44 നോട്ടിക്കൽ മൈൽ ( 81. 5. കിമി) ദൂരത്താണ് ദുരന്തം. കോസ്റ്റ് ഗാർഡും നാവികസേനയും അകലം പാലിച്ച് കപ്പലിന് ചുറ്റുമുണ്ടെങ്കിലും തീകെടുത്താൻ കഴിഞ്ഞിട്ടില്ല.
മേയ് 25ന് കൊച്ചി പുറംകടലിൽ വിഴിഞ്ഞത്തുനിന്നു പുറപ്പെട്ട ചരക്കുകപ്പൽ മറിഞ്ഞിന്റെ ആഘാതം മാറുംമുമ്പാണ് വീണ്ടും അപകടം.
അതിശക്തമായ തീയും ചൂടും മൂലം കപ്പലിനരികിൽ എത്താനാകുന്നില്ല. എൻജിൻ നിലച്ച കപ്പലിന്റെ പകുതിയിലേറെ ഭാഗത്തും തീപടർന്നിട്ടുണ്ട്. കണ്ടെയ്‌നറുകൾ കടലിൽ വീണതായും സൂചനകളുണ്ട്. രാത്രി എട്ടു മണിയോടെ രക്ഷാദൗത്യം നിറുത്തിവച്ചു.
ശ്രീലങ്കയിലെ കൊളംബോയിൽ നിന്ന് മുംബയിലെ നവഷേവ തുറമുഖത്തേയ്‌ക്ക് പോയ സിംഗപ്പൂർ പതാകയുള്ള വാൻ ഹായ് 503 കപ്പലാണ് ദുരന്തത്തിന് ഇരയായത്. ഇന്നലെ രാവിലെ 9.30നാണ് കണ്ടെയ്‌നർ പൊട്ടിത്തെറിച്ചത്. ഉച്ചയ്‌ക്ക് 12.40 ഓടെ കപ്പലിന് തീപിടിച്ചു.
കാണാതായ നാലിൽ രണ്ടുപേർ തായ്‌വാൻ സ്വദേശികളും ഒരാൾ ഇന്തോനേഷ്യനും മറ്റൊരാൾ മ്യാൻമാർ പൗരനുമാണ്. ഇവർക്കായി കടലിൽ തെരച്ചിൽ നടത്തിയെങ്കിലും രാത്രി വൈകിയും കണ്ടെത്താനായിട്ടില്ല. രക്ഷപ്പെടാൻ കഴിയാത്തവിധത്തിൽ ഇവർ കപ്പലിൽ കുടുങ്ങിപ്പോയെന്ന് ആശങ്കയുണ്ട്.
കോസ്റ്റ് ഗാർഡ് കപ്പലുകളായ സചേത്, അർണവേഷ്, സമുദ്രപ്രഹരി, അഭിനവ്, രാജ്ദൂത് വിമാനമായ സി. 144 എന്നിവയാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്. ഷിപ്പിംഗ് ഡയറക്‌ടർ ജനറൽ, സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥർ, നാവികസേന എന്നിവരുമായി ഏകോപിച്ചാണ് രക്ഷാപ്രവർത്തനം തുടരുന്നതെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.
പരമാവധി ശ്രമിച്ച്
കോസ്റ്റ് ഗാർഡ്
നേവി കപ്പലുകൾ
രാവിലെ 9.30: കപ്പലിൽ നിന്ന്
മുംബയിലെ കോസ്‌റ്റ് ഗാർഡ് കേന്ദ്രത്തിൽ അപകടസന്ദേശം ലഭിച്ചു. ബേപ്പൂരിൽനിന്നടക്കം കോസ്റ്റ് ഗാർഡിന്റെ കപ്പലുകൾ കുതിച്ചു.
10.30: കൊച്ചിയിലെ നാവികത്താവളത്തിൽ മുംബയിൽ നിന്ന് സന്ദേശം ലഭിച്ചതോടെ ഐ.എൻ.എസ് സൂറത്ത് കപ്പൽ അപകടസ്‌ഥലത്തേയ്‌ക്ക് തിരിച്ചുവിട്ടു.
12.40: കപ്പലിനെ തീ വിഴുങ്ങി. കോസ്റ്റ് ഗാർഡിന്റെ കപ്പലായ എം.വി.വൺ മാർവലും നിരീക്ഷണവിമാനവും എത്തി. ലൈഫ് ജാക്കറ്റ് ധരിച്ച് കടലിൽ കിടക്കുകയായിരുന്ന 18 പേരെയും രക്ഷിച്ച് പ്രഥമ ശുശ്രൂഷ നൽകി.
വൈകിട്ട് 4.30: നേവിയുടെ ഐ.എൻ.എസ് സൂറത്ത് എത്തി. അപടത്തിൽപ്പെട്ടവരെ മംഗലാപുരത്തേക്ക് കൊണ്ടുപോയി.
രാത്രി 10: ഐ.എൻ.എസ് സൂറത്ത് മംഗലാപുരത്ത് എത്തി. എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആസിഡ്,
ഗൺ പൗഡർ?
കണ്ടെയ്‌നറുകളിൽ അപകടകരവും മാരകവുമായ രാസവസ്‌തുക്കളുണ്ടെന്നാണ് സൂചന. 157 കണ്ടെയ്‌നറുകളിൽ ആസിഡ്, ഗൺ പൗഡർ, ലിഥിയം ബാറ്ററി തുടങ്ങിയ തീപിടിക്കാനും സ്‌ഫോടനത്തിനും ഇടയാക്കുന്ന വസ്‌തുക്കളുണ്ടെന്നാണ് സൂചന. കപ്പലിലെ ചരക്കുകൾ സംബന്ധിച്ച വിവരങ്ങൾ മുംബയ് തുറമുഖത്തുനിന്ന് കോസ്റ്റ് ഗാർഡ് ശേഖരിച്ചെങ്കിലും പുറത്തുവിട്ടിട്ടില്ല.
എൽസ മുങ്ങി 15 നാൾ പിന്നിടും മുമ്പേ...
ആലപ്പുഴ തോട്ടപ്പള്ളി തീരത്തു നിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെ എം.എസ്.സി എൽസ 3 മുങ്ങിയത് മേയ് 25നാണ്. വെറും 15 ദിവസം കഴിഞ്ഞപ്പോഴാണ് കണ്ണൂർ അഴീക്കൽ തീരത്തിനടുത്ത് ഇന്നലത്തെ കപ്പലപകടം എൽസയിലുണ്ടായിരുന്ന 643 കണ്ടെയ്‌നറുകളിൽ 61 എണ്ണം കൊച്ചി മുതൽ പൊഴിയൂർ വരെ തീരത്തടിഞ്ഞു. പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന ടൺകണക്കിന് പ്ലാസ്റ്റിക് ഗ്രാന്യൂളുകളും തീരത്ത് പലയിടത്തായി അടിഞ്ഞു ഒട്ടേറെ കണ്ടെയ്നറുകളുമായി കപ്പൽ മുങ്ങി. 13 കണ്ടെയ്‌നറുകളിൽ അപകടകരമായ കാത്സ്യം കാർബൈഡാണ്. 480 ടൺ ഡീസലും കപ്പലിലുണ്ട്. സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.