സ്‌പ്രിംഗ്ലർ: ഇരയായവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഹർജിക്കാർ
കൊച്ചി: കൊവിഡ് കാലത്തെ സ്‌പ്രിംഗ്ലർ കരാറുമായി ബന്ധപ്പെട്ട് നിലവിലുള്ള ഹർജികൾ കക്ഷികൾക്ക് ഭേദഗതി വരുത്തി നൽകാമെന്ന് ഹൈക്കോടതി. കാലാവധി കഴിഞ്ഞതിനാൽ കരാർ റദ്ദാക്കണമെന്ന വാദം നിലനിൽക്കാത്തതും നഷ്ടപരിഹാരമടക്കം പുതിയ ആവശ്യങ്ങൾ ഉന്നയിക്കപ്പെട്ടതും കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ തുടങ്ങിയവർ 2020ൽ നൽകിയ പൊതുതാത്പര്യ ഹർജികളാണ് പരിഗണനയിലുള്ളത്.കൊവിഡിന്റെ മറവിൽ രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും വ്യക്തിവിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്‌പ്രിംഗ്ലർ ചോർത്തിയെന്നും ടെൻഡറില്ലാത്ത കരാറിൽ അഴിമതിയുണ്ടെന്നുമാണ് ആരോപണം.
ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ നിലവിലെ സ്ഥിതിയെന്തെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. എന്ത് ആവശ്യമാണ് ശേഷിക്കുന്നതെന്ന് ഹർജിക്കാരോടും ആരാഞ്ഞു. കരാർ നിറുത്തിവച്ചെന്നും ഡേറ്റാ ഇപ്പോൾ സ്വകാര്യ കമ്പനിയുടെ പക്കലില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ നിയമവിരുദ്ധമായി വിവരങ്ങൾ ചോർന്നതിൽ വ്യക്തികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. ഹർജികൾ 23ലേക്ക് മാറ്റി.